മന്ത്രി വി. ശിവൻകുട്ടിക്ക് കരിങ്കൊടി; കെ.എസ്.യു ജില്ലാ പ്രസിഡന്റിനെ വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്തു
|തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ഗോപു നെയ്യാറിനെയാണ് പിടികൂടിയത്
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ കരിങ്കൊടി കാണിച്ച കേസിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റിനെ വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്ത് പൊലീസ്. തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഗോപു നെയ്യാറിനെയാണ് വീട്ടിൽ നിന്നും പിടികൂടിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് കന്റോൺമെന്റ് പൊലീസിന്റെ നടപടി.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിച്ചത്. മന്ത്രി ഒ.ആർ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് രാജ്ഭവനിലേക്ക് പോകുമ്പോഴാണ് പ്രതിഷേധമുണ്ടായത്.പ്രവർത്തകർ മന്ത്രിയുടെ വാഹനം തടയുകയും കരിങ്കൊടി കെട്ടുകയും ചെയ്തു.
എന്നാൽ കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തെ ചോദ്യം ചെയ്യുന്നില്ലെന്നും അത് അവരുടെ സമര രീതിയാണെന്നും പറഞ്ഞ മന്ത്രി സംസ്ഥാനത്ത് സീറ്റ് പ്രതിസന്ധി ഇല്ലെന്നും ആദ്യം കണക്ക് വായിക്കൂ എന്നും മാധ്യമങ്ങളോട് ആവർത്തിച്ചു.
എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രിക്കു നേരെ ഇന്നലെ എം.എസ്.എഫ് പ്രവർത്തകരും കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സംസ്ഥാനത്താകെ വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.