എന്‍.സി.ഇ.ആര്‍.ടി പാഠങ്ങൾ വെട്ടിമാറ്റുന്നത് മതനിരപേക്ഷ മൂല്യങ്ങൾക്കെതിരായ വെല്ലുവിളി: മന്ത്രി ശിവൻകുട്ടി
|'മഹാത്മാഗാന്ധി, മൗലാനാ ആസാദ്, പരിണാമ സിദ്ധാന്തം, പീരിയോഡിക് ടേബിള്‍, ജനാധിപത്യക്രമം തുടങ്ങി രാജ്യത്തിന്‍റെ പൊതുചരിത്രം, ഭരണഘടനാമൂല്യങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കുകയാണ്'
തിരുവനന്തപുരം: എന്‍.സി.ഇ.ആര്‍.ടി ഏകപക്ഷീയമായി പാഠഭാഗങ്ങൾ വെട്ടിമാറ്റുന്നത് ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾക്കെതിരായ വെല്ലുവിളിയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എന്‍.സി.ഇ.ആര്‍.ടി. 6-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ നിലവിലുള്ള പാഠപുസ്തകങ്ങളിൽ നിന്നും കോവിഡിന്‍റെ പേരിൽ കുട്ടികളുടെ പഠനഭാരം കുറയ്ക്കുന്നു എന്ന് പറഞ്ഞ് റേഷണലൈസേഷന്‍ എന്ന പേരിട്ട് വ്യാപകമായി പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ഇത് രാജ്യത്തെ നിലവിലുള്ള ജനാധിപത്യ ക്രമങ്ങളെ മുഴുവന്‍ വെല്ലുവിളിക്കുന്നതാണ് എന്നതിനാല്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് കേരളം ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞതാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, മൗലാനാ ആസാദ്, പരിണാമ സിദ്ധാന്തം, പീരിയോഡിക് ടേബിള്‍, ജനാധിപത്യക്രമം തുടങ്ങി രാജ്യത്തിന്‍റെ പൊതുചരിത്രം, ഭരണഘടനാമൂല്യങ്ങള്‍, രാജ്യം നേരിടുന്ന വര്‍ത്തമാനകാല വെല്ലുവിളികള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. 2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്‍റെ ചുവടുപിടിച്ച് നിര്‍മിക്കപ്പെട്ടിട്ടുള്ള എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളിൽ നിന്നും ഇത്തരം പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതിലൂടെ എന്‍.സി.എഫ് - 2005 ഉയര്‍ത്തിപ്പിടിച്ച ലക്ഷ്യങ്ങളെ തന്നെയാണ് ചവിട്ടിമെതിക്കുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു.
ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളെ ചേര്‍ത്തുപിടിച്ച് യഥാര്‍ത്ഥ ചരിത്രത്തെ ഉയര്‍ത്തിപ്പിടിച്ച്, ഒഴിവാക്കിയ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി സപ്ലിമെന്‍ററി പാഠപുസ്തകങ്ങള്‍ കേരളം പ്രസിദ്ധീകരിക്കുമെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുവാനും യഥാര്‍ത്ഥ ചരിത്ര വസ്തുതകള്‍ പഠിക്കാനും ശാസ്ത്രചിന്തകള്‍ വളര്‍ത്താനും പൊതുവിദ്യാഭ്യാസത്തെ ചേര്‍ത്തുപിടിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്ത് കേരളം പൊതുവിദ്യാഭ്യാസത്തിന്‍റെ കാവലാളാവുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.