Kerala
മത്സ്യവ്യാപാരിയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ച നടപടി: ആറ്റിങ്ങല്‍ നഗരസഭക്കെതിരെ മന്ത്രി ശിവന്‍കുട്ടി
Kerala

മത്സ്യവ്യാപാരിയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ച നടപടി: ആറ്റിങ്ങല്‍ നഗരസഭക്കെതിരെ മന്ത്രി ശിവന്‍കുട്ടി

Web Desk
|
14 Aug 2021 2:10 AM GMT

മന്ത്രി വി ശിവന്‍കുട്ടി അല്‍ഫോണ്‍സയുടെ വീട് സന്ദര്‍ശിക്കും

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വയോധികയായ മത്സ്യവ്യാപാരിയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ച നടപടിയില്‍ ആറ്റിങ്ങല്‍ നഗരസഭയെ തള്ളി തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. ഒഴിപ്പിക്കലിന്റെ ഭാഗമായി പിടിച്ചെടുത്ത മത്സ്യങ്ങൾ ലേലം ചെയ്ത് വിൽക്കുന്നതിന് പകരം നശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. വിഷയത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിൽ വഴിയരികിൽ കച്ചവടം നടത്തിയിരുന്ന അൽഫോൺസയുടെ മത്സ്യം നഗരസഭാ ജീവനക്കാര്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്. ഈ നടപടി വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണോയെന്ന് സർക്കാർ പരിശോധിക്കും. അനധികൃതമായി കച്ചവടം ചെയ്താല്‍ പോലും അത് നശിപ്പിക്കാന്‍ പാടില്ല, പകരം പിടിച്ചെടുത്ത മത്സ്യങ്ങൾ ലേലം ചെയ്ത് വിൽക്കുകയാണ് ചെയ്യേണ്ടത്. വിഷയത്തില്‍ കര്‍ശന നിര്‍ദേശമാണ് മന്ത്രി മുന്നോട്ടുവച്ചിരിക്കുന്നത്.

വഴിയോര കച്ചവട ഉപജീവന സംരക്ഷണ ചട്ടമനുസരിച്ച് മുൻസിപ്പാലിറ്റി തൊഴിലാളികളുടെ സർവ്വേ നടത്തി തിരിച്ചറിയൽ കാർഡും ലൈസൻസും നൽകണം. നഗരത്തിൽ കച്ചവടം ചെയ്യാൻ കഴിയുന്ന മേഖലകളും അനുവദിക്കാൻ കഴിയാത്ത മേഖലകളും വേർതിരിച്ച് വിജ്ഞാപനം ചെയ്യണം. ഈ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം നിയമപ്രകാരമുള്ള നോട്ടീസ് നൽകിയാണോ ഒഴിപ്പിക്കൽ നടത്തിയതെന്ന് സർക്കാർ പരിശോധിക്കും. ഇന്ന് മന്ത്രി ശിവന്‍കുട്ടി അല്‍ഫോണ്‍സയുടെ വീട് സന്ദര്‍ശിക്കും.

Similar Posts