പൊലീസ് ജീപ്പിൽനിന്ന് യുവാവ് വീണുമരിച്ച സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി
|അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ നടപടി സ്വീകരിക്കുമെന്നും മന്ത്രി
തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ ജീപ്പിൽ നിന്ന് വീണ യുവാവ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. നേമം മണ്ഡലത്തിലെ അമ്പലത്തറ പുത്തൻപള്ളി വാർഡിലെ മൂന്നാറ്റുമുക്കിൽ കസ്റ്റഡിയിലിരിക്കെ ജീപ്പിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് നാലു ദിവസത്തിന് ശേഷം മരണപ്പെട്ടിരുന്നു. പൊലീസ് മർദ്ദിച്ചതിനെ തുടർന്നാണ് യുവാവ് വാഹനത്തിൽനിന്ന് ചാടിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.
സംഭവത്തിന്റെ നിജസ്ഥിതിയും ആരോപണങ്ങളും വിശദമായി അന്വേഷിക്കും. വീട്ടുകാർക്ക് പരാതിയുണ്ടെങ്കിൽ അക്കാര്യവും കൃത്യമായി അന്വേഷിക്കും. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
പൊലീസ് ജീപ്പിൽ നിന്ന് ചാടിയ പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി സനോഫറാണ് മരിച്ചത്. കുടുംബകലഹത്തിനു തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തതായിരുന്നു. കസ്റ്റഡിയിൽ വെക്കുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് ജീപ്പിൽ നിന്ന് ചാടിയത്. അപകടശേഷം നാല് ദിവസമായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. പൂന്തുറ പൊലീസ് വിട്ടയച്ചെങ്കിലും ഭാര്യവീട്ടുകാർ ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല.
മാർച്ച് 17 നാണ് സംഭവം നടന്നിരുന്നത്. ഇഞ്ചിക്കലിൽ വെച്ച് വണ്ടിയിൽ നിന്ന് ചാടിയതാണെന്നാണ് പൊലീസ് വീട്ടുകാരെ അറിയിച്ചിരുന്നത്. കുടുംബ കലഹത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് വീട്ടിലേക്ക് വിട്ടയിച്ചിരുന്നെങ്കിലും ബോധം തെളിഞ്ഞ ശേഷം വീട്ടിൽ നിർത്താമെന്ന് കുടുംബം അറിയിക്കുകയായിരുന്നു. തുടർന്ന് നാലുപൊലീസുകാർ ചേർന്ന് ജീപ്പിൽ ഇയാളെ കൊണ്ടുപോകുകയായിരുന്നു. അപ്പോഴാണ് അപകടം നടന്നത്. തുടർന്ന് ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്നു. പിന്നീടാണ് മരണം സംഭവിച്ചത്.
എന്നാൽ പൊലീസ് മർദനത്തെ തുടർന്നാണ് സനോഫർ ജീപ്പിൽ നിന്ന് ചാടിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. മർദനമേറ്റ പാടുകൾ സനോഫറിന്റെ ശരീരത്തിൽ ഉണ്ടായിരുന്നുവെന്നും ഒരു ദിവസം പൊലീസ് കസ്റ്റഡിയിൽ വക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും അവർ പറഞ്ഞു.
Minister V Sivankutty has said that a comprehensive inquiry will be held into the death of a youth who fell from a jeep while in police custody in Thiruvananthapuram.