പ്ലസ് വണ്‍ സീറ്റ് ക്ഷാമം; ഉപരിപഠനത്തിന് അർഹത നേടിയ എല്ലാ വിദ്യാർഥികൾക്കും അവസരമൊരുക്കുമെന്ന് മന്ത്രി
|ഒക്ടോബർ 23ന് താലൂക്ക് അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ കണക്കെടുക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയിൽ അറിയിച്ചു.
ഉപരിപഠനത്തിന് അർഹത നേടിയ എല്ലാ വിദ്യാർഥികൾക്കും പ്ലസ് വൺ സീറ്റുകൾ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒക്ടോബർ 23ന് താലൂക്ക് അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ കണക്കെടുക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
എല്ലാത്തിനും എ പ്ലസ് ലഭിച്ചവർക്ക് സീറ്റ് ലഭിച്ചിട്ടില്ലെന്നും, പതിനായിരക്കണക്കിന് കുട്ടികൾക്ക് സീറ്റ് കിട്ടാതെ പുറത്താണെന്നും സബ്മിഷൻ അവതരിപ്പിച്ച വി.ഡി സതീശൻ പറഞ്ഞു. എന്നാല്‍, വിഷയം ഗൗരവത്തോടെ കാണുന്നുവെന്ന് വിദ്യാദ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഉപരിപഠനം ഉറപ്പാക്കാനല്ല, രാഷ്ട്രീയ ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനെന്നും മന്ത്രി ആരോപിച്ചു.
വിദ്യാർത്ഥികൾക്ക് ഉത്കണ്ഠ വേണ്ട, എല്ലാവർക്കും ഉപരിപഠനത്തിന് അവസരമൊരുക്കും. സംസ്ഥാന അടിസ്ഥാനത്തിൽ ഒരു ലക്ഷത്തിലധികം സീറ്റുകൾ ഉണ്ട്. ഒക്ടോബർ 23 ന് ഇതു സംബന്ധിച്ച കണക്കെടുപ്പ് താലൂക്ക് അടിസ്ഥാനത്തിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് പ്രതിപക്ഷം പറഞ്ഞതോടെ സഭയിൽ ഭരണ- പ്രതിപക്ഷ ബഹളമായി. വിദ്യാർഥികളുടെ കാര്യത്തിൽ സർക്കാർ ഇടപെടുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോവുകയും ചെയ്തു.