മന്ത്രി വീണാ ജോർജ് ഫോൺ വിളിച്ചു; മികച്ച പരിചരണത്തിന് നന്ദി പറഞ്ഞു വാവ സുരേഷ്
|നാളെ ഡിസ്ചാർജ് ചെയ്യാനാണ് സാധ്യത
പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഫോണിൽ സംസാരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെപ്പറ്റി മന്ത്രി ചോദിച്ചറിഞ്ഞു. നാളെ ഡിസ്ചാർജ് ചെയ്യാനാണ് സാധ്യത. മികച്ച പരിചരണമൊരുക്കിയതിന് മന്ത്രിയോട് വാവ സുരേഷ് നന്ദി പറഞ്ഞു.
വാവ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലായതിനെ തുടർന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ മുതൽ നടക്കാൻ തുടങ്ങിയിരുന്നു. മൂർഖന്റെ കടിയിലൂടെ ശരീരത്തിൽ എത്തിയ പാമ്പിൻ വിഷം പൂർണമായി നീങ്ങിയതിനാൽ ആന്റിവെനം നൽകുന്നത് നിർത്തി. മുറിവുണക്കാനുള്ള ആന്റിബയോട്ടിക് മാത്രമാണ് നൽകുന്നത്. ഓക്സിജൻ സപ്പോർട്ട് പൂർണമായും മാറ്റി. ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയിൽവെച്ച് തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. ഏഴടി നീളമുള്ള മൂർഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിൻറെ വലതുതുടയിൽ കടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയുടെ മുഴുവൻ ചെലവും സർക്കാരാണ് വഹിക്കുന്നത്.
Minister Veena George makes phone call; Vava Suresh thanked for the excellent care