വോട്ട് ചെയ്ത് മന്ത്രി വി.എൻ വാസവൻ; 'ഉമ്മൻ ചാണ്ടിയെ ദ്രോഹിച്ചത് കോൺഗ്രസുകാർ, അവരാണ് മാപ്പ് പറയേണ്ടത്'
|രണ്ട് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംസാരിക്കുന്ന സംഭാഷണം പുറത്തുവന്നിട്ടുണ്ടെങ്കിൽ അതിലെങ്ങനെ എൽഡിഎഫ് ഭാഗമാകും.
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മന്ത്രി വി.എൻ വാസവൻ. ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിക്ക് അനുകൂലമായി ഭാഗ്യം പിറക്കുമെന്ന് മന്ത്രി പ്രതികരിച്ചു. പോളിങ് ശതമാനത്തിന്റെ കുറവോ കൂടുതലോ ഒന്നും വിജയപരാജയത്തിന്റെ അളവുകോലായി നിശ്ചയിക്കാനാവില്ലെന്നും ഭൂരിപക്ഷം മുൻകൂട്ടി പ്രചവിക്കുന്നയാളല്ല താനെന്നും മന്ത്രി പറഞ്ഞു.
ഭൂരിപക്ഷം 60,000 ഒക്കെ കിട്ടുമെന്നാണ് ആദ്യം യുഡിഎഫ് നേതാക്കൾ പ്രവചിച്ചുകണ്ടത്. ഇപ്പോഴത് താഴ്ന്നിട്ടുണ്ട്. കഞ്ഞിയും പയറും കഴിക്കുന്നതായിട്ട് ആദ്യമേ സ്വപ്നം കാണേണ്ട, പാൽപ്പായസം തന്നെ കഴിക്കുന്നതായി കണ്ടോട്ടെ. ഓഡിയോ ക്ലിപ്പിന്റെയും വീഡിയോ ക്ലിപ്പിന്റേയുമൊന്നും ഉത്തരവാദിത്തം ഞങ്ങളുടെ തലയിൽ കെട്ടിവയ്ക്കേണ്ട.
രണ്ട് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംസാരിക്കുന്ന സംഭാഷണം പുറത്തുവന്നിട്ടുണ്ടെങ്കിൽ അതിലെങ്ങനെ എൽഡിഎഫ് ഭാഗമാകും. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസിന്റെ ഡിസിസി ഭാരവാഹിയുമായിരുന്ന വിജയകുമാറാണ് ആ സംഭാഷണത്തിന്റെ ഒരു തലയ്ക്കൽ. മറ്റൊന്ന് എം മധുവാണ്. അതൊന്ന് അന്വേഷിക്കാൻ പറയാൻ തയാറാണോ യുഡിഎഫ്?.. ഞങ്ങളതിനെ സന്തോഷത്തോടെ പിന്തുണയ്ക്കും.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ വീടിന് കല്ലെറിഞ്ഞു. ഇതുവരെ ആളെ പിടിച്ചോയെന്നും മന്ത്രി ചോദിച്ചു. പൊലീസ് അന്വേഷിച്ച് പ്രതിയെ പിടിക്കാറായപ്പോൾ അത് നിർത്താൻ പറഞ്ഞു. അപ്പോൾ കള്ളൻ കപ്പലിൽ തന്നെയല്ലേ. അദ്ദേഹത്തോട് ഈ ദ്രോഹമൊക്കെ ചെയ്തത് ആരാണ്, കോൺഗ്രസുകാരല്ലേ, തങ്ങളാണോ എന്നും വാസവൻ ചോദിച്ചു. തങ്ങൾ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവിന്റെയൊരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. യഥാർഥത്തിൽ കോൺഗ്രസുകാരല്ലേ അദ്ദേഹത്തെ വേട്ടയാടിയതെന്നും അവരല്ലേ മാപ്പ് പറയണ്ടതെന്നും അദ്ദേഹം ചോദിച്ചു.