Kerala
മന്ത്രിയുടെ ഇടപെടൽ; തലശ്ശേരിയിലെ ദമ്പതികളുടെ വ്യവസായ യൂണിറ്റ് ഇന്ന് തുറക്കും
Kerala

മന്ത്രിയുടെ ഇടപെടൽ; തലശ്ശേരിയിലെ ദമ്പതികളുടെ വ്യവസായ യൂണിറ്റ് ഇന്ന് തുറക്കും

Web Desk
|
27 Aug 2022 4:40 AM GMT

വ്യവസായ യൂണിറ്റിന് നഗരസഭ പൂട്ട് ഇട്ടതിനെ തുടർന്ന് സംരംഭകർ നാടുവിട്ടത് വിവാദമായിരുന്നു.

തലശ്ശേരിയിൽ നഗരസഭയുടെ നടപടികളെ തുടർന്ന് അടച്ചു പൂട്ടിയ ദാമ്പതികളുടെ വ്യവസായ യൂണിറ്റ് ഇന്ന് തുറക്കും. ഇന്നലെ മന്ത്രി പി രാജീവ് ദമ്പതികളുമായ ഫോണിൽ സംസാരിച്ചിരുന്നു. പിന്നാലെ സിപിഎം പ്രാദേശിക നേതാക്കളും വീട്ടിലെത്തി ചർച്ച നടത്തി. തുടർന്നാണ് സ്ഥാപനം തുറക്കാൻ തീരുമാനമായത്. രാവിലെ 9 മണിയോടെ നഗരസഭ അധികൃതർ നേരിട്ട് എത്തി താക്കോൽ കൈമാറും. വ്യവസായ യൂണിറ്റിന് നഗരസഭ പൂട്ട് ഇട്ടതിനെ തുടർന്ന് സംരംഭകർ നാടുവിട്ടത് വിവാദമായിരുന്നു.

ഇന്നലെ രാവിലെ പത്തോടെയാണ് ശ്രീവിദ്യ-രാജ് കബീർ ദമ്പതികളെ തിരികെയെത്തിച്ചത്. നഗരസഭയുടെ ഭീഷണി കാരണമാണ് പോയതെന്നും അവരുടേത് പ്രതികാര നടപടിയെന്നും രാജ് കബീർ പ്രതികരിച്ചു. തങ്ങളുടെ സ്ഥാപനം ഒരു നിയമവും തെറ്റിച്ചിട്ടില്ലെന്നും വ്യവസായമന്ത്രി പി.രാജീവ് മാത്രമാണ് സഹായിച്ചതെന്നും രാജ് കബീർ കൂട്ടിച്ചേർത്തു.

ഒരു മാസം മുന്പ് ഇവരുടെ വ്യവസായ യൂണിറ്റ് തലശേരി നഗരസഭ അടച്ചുപൂട്ടിയിരുന്നു. ഇതിനെത്തുടർന്ന് തലശേരി നഗരസഭക്കെതിരെ കത്തെഴുതി വെച്ചശേഷമാണ് ഇവർ വീട്ടിൽ നിന്നിറങ്ങിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇരുവരെയും കാണാതാകുന്നത്. പതിനെട്ട് വർഷത്തോളമായി തലശ്ശേരി നഗരസഭയ്ക്ക് കീഴിലുള്ള കല്ലിക്കലെ മിനി ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിൽ ഇരുവരും ചേർന്ന് ഫർണിച്ചർ സ്ഥാപനം നടത്തി വരികയായിരുന്നു. ഇവിടെ സ്ഥലം കയ്യേറി എന്നാരോപിച്ചാണ് ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് 2021ൽ നഗരസഭ ഇവർക്ക് കത്തു നൽകുന്നത്. അല്ലെങ്കിൽ നാല് ലക്ഷത്തിലധികം രൂപ പിഴയൊടുക്കണമെന്നും നിർദേശം നൽകിയിരുന്നു.

Similar Posts