കോടിയേരിയുടെ വേർപാട് നികത്താനാകാത്ത നഷ്ടം: മന്ത്രി വി.അബ്ദുറഹിമാൻ
|വ്യക്തിപരമായി ഉണ്ടായ നഷ്ടം വാക്കുകളിൽ ഒതുക്കാനാകില്ലെന്നും മന്ത്രി
കേരള രാഷ്ട്രീയത്തിലെ അതികായനും സഹോദരതുല്യനുമായ സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ വേർപാട് നികത്താനാകാത്ത നഷ്ടമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ കേരളത്തിനാകെ തീരാ വേദനയാകുന്നതാണ് ഈ വിയോഗം. വ്യക്തിപരമായി ഉണ്ടായ നഷ്ടം വാക്കുകളിൽ ഒതുക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു
"പതിറ്റാണ്ടുകളായി കേരളത്തിൻ്റെ രാഷ്ട്രീയ- സാമൂഹ്യ രംഗത്ത് നിറസാന്നിധ്യമായി നിലകൊണ്ട വ്യക്തിത്വമാണ് സഖാവ് കോടിയേരി. സി.പി.ഐ.എം നേതാവ് എന്ന നിലയിലും ഭരണ കർത്താവ് എന്ന നിലയിലും അദ്ദേഹം എന്നും ഏറെ ഉന്നതമായ നിലയിൽ പ്രവർത്തിച്ചു. വെല്ലുവിളികളെ സമചിത്തതയോടെ നേരിട്ടു. പോരാട്ടരംഗത്ത് അചഞ്ചലമായ ധീരത കൈമുതലായിരുന്നു. ഏതു വിഷയങ്ങളിലും വ്യക്തവും യുക്തി ഭദ്രവുമായ നിലപാട് കൈക്കൊണ്ടു. ഏതു പ്രതിസന്ധി ഘട്ടത്തിലും പാർട്ടി പ്രവർത്തകർക്കു മാത്രമല്ല, സമീപിക്കുന്ന മുഴുവൻ പേർക്കും കരുത്തും ആശ്വാസവും പകർന്ന സാന്നിധ്യമായിരുന്നു.
സ്നേഹവും സൗഹൃദവും നിറഞ്ഞ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും ഹൃദയത്തിൽ ഇടം നേടി. അദ്ദേഹത്തിൻ്റെ വേർപാട് സൃഷ്ടിക്കുന്ന ശൂന്യത ഏറെ വലുതാണ്. ആ വലിയ മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു". മന്ത്രി പറഞ്ഞു.
കോടിയേരിയുടെ നിര്യാണത്തിൽ നിരവധി പ്രമുഖരാണ് അനുശോചനമർപ്പിച്ച് രംഗത്തെത്തിയത്.കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും മാത്രമല്ല കേരളീയ സമൂഹത്തിനാകയും വലിയ നഷ്ടമാണ് കോടിയേരിയുടെ നിര്യാണത്തിലൂടെ വന്നു ചേർന്നിരിക്കുന്നത് എന്നായിരുന്നു വാർത്തയോട് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ പ്രതികരിച്ചത്. മതനിരപേക്ഷ വികസിത കേരളത്തിന്നായി ജീവിതം സമർപ്പിച്ച വിനയാന്വിതനായ കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് സഖാവ് കൊടിയേരിയുടെ വിയോഗത്തിലൂടെ മലയാളിക്ക് നഷ്ടപ്പെട്ടതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
സി.പി.എമ്മിന്റെ രാഷ്ട്രീയ സമീപനങ്ങളില്‍ നിലപാടെടുക്കുമ്പോഴും ശക്തിയുക്തം ന്യായീകരിക്കുമ്പോഴും മറ്റു പാര്‍ട്ടികള്‍ക്കെതിരെ പ്രത്യയശാസ്ത്രപരമായ വിമര്‍ശനങ്ങളിലും കോടിയേരി നടത്തിയിരുന്നത് വ്യത്യസ്ഥ ശൈലിയായിരുന്നു എന്നാണ് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി പ്രതികരിച്ചത്.
സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗം ഏറ്റവും ദുഖകരമാണെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ വിദ്യാർത്ഥി രാഷ്ട്രീയകാലം മുതൽ ചേർത്തുപിടിച്ച സഖാവാണ് പ്രിയപ്പെട്ട കോടിയേരി.സൗമ്യമായും കാര്യക്ഷമതയോടെയും ഏതു രാഷ്ട്രീയ - ഭരണ പ്രശ്നങ്ങളും കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ വൈഭവം എടുത്തു പറയേണ്ടതാണ്. നിയമസഭാംഗം, മന്ത്രി എന്നീ നിലകളിൽ അതുല്യമായ പ്രകടനം അദ്ദേഹം കാഴ്ചവച്ചു.
സഖാവ് കോടിയേരിയുടെ വിയോഗം കേരള രാഷ്ട്രീയത്തിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും, വിശിഷ്യാ സിപിഐഎമ്മിനും കനത്ത നഷ്ടമാണെന്നും ശ്രീ. ബാലഗോപാൽ അറിയിച്ചു.