ഡയാലിസിസ് യൂണിറ്റ് പ്രവർത്തനരഹിതം, കിടത്തിചികിത്സയില്ല; വിതുര ആശുപത്രിയിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം
|മലയോര മേഖലയിലുള്ള ആദിവാസികളാണ് പ്രധാനമായും വിതുര താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നത്
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഒരു വർഷമായി പ്രവർത്തിക്കുന്നില്ലെന്ന് മന്ത്രി കണ്ടെത്തി. ആശുപത്രിയിൽ മരുന്ന് ക്ഷാമം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ 11 മണിയോടെയാണ് മന്ത്രി ആശുപത്രിയിൽ എത്തിയത്.
ഡയാലിസിസ് യൂണിറ്റ് ഒരു വർഷമായി പ്രവർത്തന രഹിതമാണെന്ന കാര്യം അംഗീകരിക്കാൻ പറ്റില്ലെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയിലെ മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്നവും പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മലയോര മേഖലയിലുള്ള ആദിവാസികളാണ് പ്രധാനമായും വിതുര താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നത്. ഇത്തരത്തിൽ വരുന്ന രോഗികളെ കിടത്തി ചികിത്സിക്കാതെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും മെഡിക്കൽ കോളേജുകളിലേക്കും റഫർ ചെയ്യുകയാണ് പതിവ്. ഇതിനെതിരെ നിരവധി പരാതികളും ഉയർന്നിട്ടുണ്ട്.
ആരോഗ്യവകുപ്പിന് നേരിട്ട് പരാതി എത്തിയ സാഹചര്യത്തിലാണ് മന്ത്രി ആശുപത്രി സന്ദർശിക്കാനെത്തിയത്. സേവനങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ സേവനങ്ങൾ ലഭ്യമാക്കാതിരിക്കാനുള്ള ശ്രമങ്ങൾ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നുള്ളത് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ആശുപത്രിക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ല. എന്നാൽ, വിശദമായ പരിശോധനകൾക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.