Kerala
മന്ത്രിസ്ഥാനം:  മുസ്‍ലിം ലീഗ് അണികളെ ഐഎന്‍എല്ലിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയില്‍ നേതാക്കള്‍
Kerala

മന്ത്രിസ്ഥാനം: മുസ്‍ലിം ലീഗ് അണികളെ ഐഎന്‍എല്ലിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയില്‍ നേതാക്കള്‍

Web Desk
|
21 May 2021 5:03 AM GMT

അഹമ്മദ് ദേവര്‍ക്കോവിലിന്‍റെ മന്ത്രിസ്ഥാനം ഐഎന്‍എല്ലിനും സിപിഎമ്മിനും മുസ്‍ലിം ലീഗിനോടുള്ള മധുരപ്രതികാരം

ഇടതുപക്ഷ മന്ത്രിസഭയിൽ തുറമുഖ - മ്യൂസിയം വകുപ്പ് മന്ത്രിയായി അഹമ്മദ് ദേവര്‍കോവില്‍ സ്ഥാനമേറ്റതോടെ ഐഎന്‍എല്ലിനത് രാഷ്ട്രീയ നേട്ടത്തിന് കൂടിയുള്ള അവസരമായി. സംസ്ഥാന ഭരണത്തില്‍ ഐഎന്‍എല്‍ പങ്ക് ചേരുമ്പോള്‍ മുസ്‍ലിം ലീഗിനത് തിരിച്ചടിയാകുമെന്നാണ് ഐഎന്‍എല്‍ പ്രതീക്ഷ. മുസ്‍ലിം ലീഗ് അണികള്‍ വ്യാപകമായി ഐഎന്‍എല്ലിലേക്ക് ചേക്കേറുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.

പതിറ്റാണ്ടുകള്‍ നീണ്ട ഐഎന്‍ എല്‍ രാഷ്ടീയം, അഹമ്മദ് ദേവര്‍കോവിലിലൂടെ സാക്ഷാത്കരിച്ചത് നീണ്ട കാലത്തെ സ്വപ്നം. 1994ൽ മുസ്‍ലിം ലീഗിൽ നിന്നും പിളർന്ന് രൂപം കൊണ്ടത് മുതൽ ഇടത് പക്ഷത്തേക്ക് ചാഞ്ഞായിരുന്നു ഐഎൻഎല്ലിന്‍റെ യാത്ര. എന്നാല്‍ രണ്ടര പതിറ്റാണ്ടിലധികംകാലം മുന്നണിക്ക് പുറത്ത് നിന്ന് എല്‍ഡിഎഫിനെ പിന്തുണക്കാനായിരുന്നു ഐഎന്‍എല്ലിന്‍റെ വിധി. ഒടുവിൽ രണ്ട് വർഷം മുമ്പാണ് എൽഡിഎഫിൽ ഘടക കക്ഷിയാകുന്നത്. ഇപ്പോള്‍ മന്ത്രി സ്ഥാനം കൂടി ലഭിച്ചതോടെ ഇന്ത്യന്‍ നാഷണല്‍ ലീഗിന് അത് വലിയ അംഗീകാരം കൂടിയായി.

പാര്‍ട്ടി സ്ഥാപകൻ ഇബ്രാഹീം സുലൈമാന്‍ സേട്ടിന്‍റെ ലക്ഷ്യ സാക്ഷാത്കാരത്തിലുപരി ബദ്ധശത്രുക്കളായ മുസ്‍ലിം ലീഗിന് പ്രഹരമേല്‍പ്പിച്ചതിന്‍റെ മധുര പ്രതികാരവും കൂടിയാണ് ഇന്ത്യന്‍ നാഷണല്‍ ലീഗിന് ഈ മന്ത്രി പദവി. രൂപം കൊണ്ടത് മുതൽ ഒരുകാലത്തും മുസ്‍ലിം ലീഗിനോട് അധികാരം കൊണ്ടോ, ജനപിന്തുണയിലോ കിടപിടിക്കാൻ കഴിയാതിരുന്ന ഐഎൻഎല്ലിന്‍റെ ചിരകാല സ്വപ്‍നമാണ് അഹമ്മദ് ദേവർകോവിലിലൂടെ പൂവണിഞ്ഞത്. മന്ത്രി പദവി പാര്‍‌ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുമെന്നും ഐഎന്‍എല്‍ നേതൃത്വം കണക്ക് കൂട്ടുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ തുടങ്ങിയ ലീഗിനകത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ ഇപ്പോഴും പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ല, സംസ്ഥാന ജനറല്‍ സെക്രട്ടറി ചുമതലയെ ചൊല്ലിയുള്ള അസ്വാരസ്യങ്ങളും ലീഗിനകത്ത് നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം ഭരണപങ്കാളിത്തം കൂടിയുള്ള ഘട്ടത്തില്‍ തങ്ങള്‍ക്കനുകൂലമാകുമെന്നാണ് ഐഎന്‍എല്‍ കണക്ക് കൂട്ടല്‍.

മുസ്‍ലിം ലീഗ് സിറ്റിംഗ് സീറ്റില്‍ ലീഗിന്‍റെ ഏക വനിതാ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചെത്തിയ ഐഎന്‍എല്‍ പ്രതിനിധിയെ ആദ്യ ടേമില്‍ മന്ത്രിയാക്കുന്നതിലൂടെ സിപിഎമ്മിനും ലക്ഷ്യങ്ങളുണ്ടാകും. ഇടതുപക്ഷം ലീഗിന് നൽകുന്ന പ്രഹരമായും ഐഎൻഎല്ലിന് നൽകിയ മന്ത്രി പദവിയെ വിലയിരുത്താം.

Similar Posts