ന്യൂനപക്ഷ വകുപ്പ് വിവാദം തുടരുന്നു; വിമര്‍ശനുമായി സമസ്ത
|വകുപ്പ് തിരിച്ചെടുത്ത് മുഖ്യമന്ത്രി മുസ്‍ലിം സമുദായത്തെ അപമാനിച്ചെന്ന് മുസ്‍ലിം ലീഗ്
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിൽ വിവാദം തുടരുന്നു. തീരുമാനത്തെ കാന്തപുരം വിഭാഗം സ്വാഗതം ചെയ്തു. അതേസമയം വിവാദങ്ങൾ സർക്കാരിന്റെ നിറംകെടുത്തിയെന്ന് സമസ്ത കുറ്റപ്പെടുത്തി. വകുപ്പ് തിരിച്ചെടുത്ത് മുഖ്യമന്ത്രി മുസ്‍ലിം സമുദായത്തെ അപമാനിച്ചെന്നായിരുന്നു ലീഗിന്റെ പ്രതികരണം.
രണ്ടാം പിണറായി വിജയൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത വ്യാഴാഴ്ച, ദേശാഭിമാനി ദിനപത്രത്തിൽ വി അബ്ദുറഹ്മാൻ്റെ വകുപ്പ് പ്രവാസികാര്യവും, ന്യൂനപക്ഷക്ഷേമവുമാണെന്ന് ഒന്നാം പേജിൽ തന്നെ പറഞ്ഞിരുന്നു. ആഭ്യന്തരവും, ഐ.ടിയും, പൊതുഭരണവുമായിരിക്കും മുഖ്യമന്ത്രിയുടെ കയ്യിലുള്ള പ്രധാനപ്പെട്ട വകുപ്പുകളെന്നും സി.പി.എം മുഖപത്രം എഴുതി. പക്ഷെ അബ്ദുറഹ്മാന് ലഭിക്കുമെന്ന് പറഞ്ഞ രണ്ട് വകുപ്പുകളും പിന്നീട് മുഖ്യമന്ത്രി ഏറ്റെടുത്തു.
കെ.സി.വൈ.എം പോലുള്ള ക്രൈസ്തവ സംഘടനകൾ ന്യൂനപക്ഷ വകുപ്പ് ക്രിസ്താനിയായ ഒരാൾക്ക് നൽകണമെന്നും, ഇല്ലെങ്കിൽ മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ആവിശ്യപ്പെട്ടിരുന്നു. ഇത് മുഖവിലക്കെടുത്താണ് മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതെന്ന വിമർശനമാണ് മുസ്‍ലിം സംഘടനകൾക്കുള്ളത് ലീഗും സമാന നിലപാടിലാണ്.