ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; സി.പി.എം വാദം തള്ളി മുസ്‌ലിം ലീഗ്
|ലീഗിന്‍റെ നിലപാട് സി.പി.എം വളച്ചൊടിക്കുകയായിരുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.
ജനസംഖ്യാനുപാതത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത് മുസ്‌ലിം ലീഗിന്‍റെ അഭിപ്രായം കൂടി പരിഗണിച്ചാണെന്ന സി.പി.എം വാദം തള്ളി മുസ്‌ലിം ലീഗ്. ലീഗിന്‍റെ നിലപാട് സി.പി.എം വളച്ചൊടിക്കുകയായിരുന്നുവെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് ചൂണ്ടിക്കാട്ടിയാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. സ്കോളർഷിപ്പ് വിതരണത്തില്‍ സുതാര്യത വേണമെന്നും മറ്റ് വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാദത്തിൽ വേറൊരു സ്കീം വേണമെന്നുമാണ് ലീഗ് ആവശ്യപ്പെട്ടതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ന്യൂനപക്ഷ സ്കോളർപ്പുമായി ബന്ധപ്പെട്ട് സർക്കാർ എടുത്തത് ഉചിതമായ തീരുമാനമാണെന്നായിരുന്നു എ വിജയരാഘവന്‍റെ പ്രസ്താവന. സർവകക്ഷി യോഗത്തിലെ ലീഗിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് സർക്കാർ തീരുമാനം. നിലവിൽ സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് അത് നഷ്ടമാകില്ല. പ്രതിപക്ഷ വിമര്‍ശനം സ്ഥാപിത താത്പര്യത്തോടെയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.