Kerala
ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ്: അനുപാതം പുനഃക്രമീകരിക്കാന്‍ തീരുമാനം
Kerala

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ്: അനുപാതം പുനഃക്രമീകരിക്കാന്‍ തീരുമാനം

Web Desk
|
15 July 2021 11:27 AM GMT

പുതിയ മന്ത്രിസഭാ തീരുമാനമനുസരിച്ച് മുന്നോക്ക ക്ഷേമ സ്കോളര്‍ഷിപ്പിനും ന്യൂനപക്ഷ സ്കോളര്‍ഷിപ്പിനും മുന്നോക്ക കൃസ്ത്യന്‍ വിഭാഗങ്ങള്‍ അര്‍ഹരാകും

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. ക്രിസ്ത്യന്‍ 18.38%, മുസ്‌ലിം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേല്‍പ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്‌കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു. പുതിയ മന്ത്രിസഭാ തീരുമാനമനുസരിച്ച് മുന്നോക്ക ക്ഷേമ സ്കോളര്‍ഷിപ്പിനും ന്യൂനപക്ഷ സ്കോളര്‍ഷിപ്പിനും മുന്നോക്ക കൃസ്ത്യന്‍ വിഭാഗങ്ങള്‍ അര്‍ഹരാകും. ഉയര്‍ന്ന തുക ലഭിക്കുന്ന സ്കോളര്‍ഷിപ്പാണ് മുന്നോക്ക സമുദായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ന്യൂനപക്ഷ വിതരണത്തില്‍ 80:20 അനുപാതം വിവേചനമാണ് എന്നായിരുന്നു ഹൈക്കോടതി നിലപാട്. ഇതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകള്‍ പൂര്‍ണമായും മുസ്‌ലിം സമുദായത്തിന് അവകാശപ്പെട്ടതാണ് എന്നാണ് മുസ്‌ലിം സംഘടനകളുടെ നിലപാട്.

ഹൈക്കോടതി വിധിയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ വിളിച്ചുചേര്‍ന്ന വിവിധ സംഘടനകളുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മുന്നോട്ടുപോവുമെന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. ഈ സമിതി രൂപീകരിച്ചതായി പിന്നീട് റിപ്പോര്‍ട്ടുകളൊന്നും വന്നിരുന്നില്ല. സ്‌കോളര്‍ഷിപ്പ് പുനഃക്രമീകരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സമിതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ വ്യക്തതത വരേണ്ടതുണ്ട്.

Similar Posts