ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: 'മുസ്‌ലിം സമുദായത്തിന് മുറിവേറ്റു'; സാദിഖലി തങ്ങള്‍
|മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നും ആ ശബ്ദത്തെ തള്ളിക്കളയാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും സാദിഖലി തങ്ങള്‍
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്‌ലിം സമുദായത്തിന് മുറിവേറ്റുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. സർക്കാർ തീരുമാനത്തിൽ മുസ്‌ലിം സംഘടനകൾക്ക് ആശങ്കയുണ്ട്. മറ്റുള്ളവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ടല്ല, എല്ലാവരുടേയും അവകാശങ്ങളെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് മുസ്‌ലിം സമുദായം നേട്ടങ്ങളൊക്കെ നേടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ എല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. ഇതിനെതിരെ മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നും ആ ശബ്ദത്തെ തള്ളിക്കളയാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.
എല്ലാ സംഘടനകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി വിദഗ്ധ സമിതി രൂപീകരിച്ചു. തുടര്‍ നടപടികള്‍ വിദഗ്ധ സമിതി യോഗശേഷം തീരുമാനിക്കും. എല്ലാവരും ചേര്‍ന്ന് മുഖ്യമന്ത്രിയെ കാണുന്നതാണ് ആദ്യ നടപടി. നിയമനടപടികളുടെ സാധ്യതകളും പരിശോധിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.