മിഷേൽ ഷാജിയുടെ ദുരൂഹ മരണം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
|നടപടി ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാൻ നീക്കം
കൊച്ചി: കായലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സി.എ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് കുടുംബം. കൊലപാതക സാധ്യതയിലേക്ക് വിരൽചൂണ്ടുന്ന തെളിവുകളുണ്ടായിട്ടും ക്രൈംബ്രാഞ്ച് ആത്മഹത്യയാക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി. നടപടിയുണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണു കുടുംബത്തിന്റെ തീരുമാനം.
2017 മാർച്ച് അഞ്ചിന് കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽ നിന്ന് കലൂർ പള്ളിയിൽ പ്രാർഥനയ്‍ക്കെത്തിയ മിഷേലിനെ പിന്നീട് കാണാതാവുകയായിരുന്നു. അടുത്ത ദിവസം വൈകീട്ട് ആറുമണിയോടെ ഐലൻഡ് ഭാഗത്തുനിന്ന് മൃതദേഹം ലഭിച്ചു. മിഷേലിൻ്റെ ശരീരത്തിലെ മുറിവുകളടക്കം ചൂണ്ടിക്കാട്ടി ബന്ധുക്കളും നാട്ടുകാരും മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, ദുരൂഹത നീക്കാനുള്ള അന്വേഷണം പൊലീസോ ക്രൈംബ്രാഞ്ചോ നടത്തിയില്ലെന്നും, ആത്മഹത്യയാക്കി മാറ്റാനാണ് ശ്രമമെന്നും മിഷേലിൻ്റെ പിതാവ് ഷാജി വർഗീസ് ആരോപിച്ചു. അതിനാൽ കേസിൽ സത്യാവസ്ഥ പുറത്തുവരാൻ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നടപടി ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ നീക്കം.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മൂന്നു തവണയാണ് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. വർഷങ്ങൾ പിന്നിട്ടിട്ടും ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്തുവിടാത്തത് പ്രതികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണെന്നും കുടുംബം ആരോപിക്കുന്നു.
Summary: The family of CA student Mishel Shaji, who was found dead under mysterious circumstances in Kochi lake, wants a CBI investigation.