കഴക്കൂട്ടത്തു നിന്നും കാണാതായ കുട്ടി ചെന്നൈയിലെത്തി; ഗുവാഹത്തിയിലേക്കോ ബാംഗ്ലൂരിലേക്കോ പോകാൻ സാധ്യത
|ആന്ധ്രാ പൊലീസുമായി കേരളാ പൊലീസ് ബന്ധപ്പെട്ടു
തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നും കാണാതായ അസം സ്വദേശിനി തസ്മിദ് തംസത്ത് ചെന്നൈയിലെത്തിയതായി സ്ഥിരീകരണം. ഇവിടെനിന്ന് കുട്ടി അസമിലെ ഗുവാഹത്തിയിലേക്കുള്ള ഗുവാഹത്തി എക്സ്പ്രസിൽ കയറിയെന്നാണ് സംശയം. ചെന്നൈയിലേക്ക് ഒരു സംഘം പുറപ്പെട്ടിട്ടുമുണ്ട്. ആവശ്യമെങ്കിൽ വിമാന മാർഗം അസമിലേക്ക് ആളെയെത്തിക്കും. ഇതിനെ തുടർന്ന് ആന്ധ്രാ പൊലീസുമായി കേരളാ പൊലീസ് ബന്ധപ്പെട്ടു.
ഗുവാഹത്തി എക്സ്പ്രസ് ആന്ധ്രയിലെത്തുമ്പോൾ പരിശോധിക്കണമെന്നാണ് കേരളാ പൊലീസിന്റെ ആവശ്യം. 10 മണി കഴിയുന്നതോടെ ട്രെയിൻ ഗുവാഹത്തിയിലെത്തും. ഗുവാഹത്തിയിലേക്കല്ലെങ്കിൽ ബാംഗ്ലൂരിലേക്കായിരിക്കും കുട്ടി പോകാനുള്ള സാധ്യത. അതിനിടെ കന്യാകുമാരി സ്റ്റേഷനിൽ നിന്നുള്ള കുട്ടിയുടെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. കുട്ടി പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
തസ്മിദ് തംസത്ത് കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ വെച്ച് ഒന്നിലധികം തവണ കുട്ടി ഐലൻഡ് എക്സ്പ്രസിൽ കയറിയിറങ്ങിയെന്ന് എക്സ്പ്രസ് വൃത്തിയാക്കാൻ വന്ന സ്ത്രീ മൊഴി നൽകിയിരുന്നു. കുട്ടി കന്യാകുമാരി വരെ ട്രെയിനിൽ ഉണ്ടായിരുന്നെന്ന് യാത്രക്കാരനും മൊഴി നൽകി. തസ്മിദ് യാത്ര ചെയ്ത ജനറൽ കമ്പാർട്ട്മെന്റിൽ ഉണ്ടായിരുന്ന യാത്രക്കാരന്റേതാണ് മൊഴി.
ചൊവ്വാഴ്ച രാവിലെ പത്തിനാണ് അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെ കാണാതാകുന്നത്. സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ തസ്മിദ് വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. കുട്ടി കന്യാകുമാരി ഭാഗത്തേക്ക് ട്രെയിനിൽ പോകുന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു. മറ്റൊരു യാത്രക്കാരിയാണ് ചിത്രം പകർത്തിയത്. ചിത്രം കുട്ടിയുടെ മാതാപിതാക്കൾ സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് സംഘം കന്യാകുമാരിയിലേക്ക് തിരിക്കുകയായിരുന്നു.