പറവൂർ നഗരസഭയിൽ നിന്ന് കാണാതായ ആധാരങ്ങൾ കിട്ടി; കണ്ടെത്തിയത് ഷെൽഫിൽ നിന്ന്
|കഴിഞ്ഞ ദിവസം ഇതേ ഷെൽഫിൽ പരിശോധന നടത്തിയിരുന്നെങ്കിലും രേഖകൾ ലഭിച്ചിരുന്നില്ല
പറവൂർ: പറവൂർ നഗരസഭയിൽ നിന്ന് കാണാതായ ആധാരങ്ങൾ ലഭിച്ചു. ഓഫീസിലെ ഷെൽഫിൽ നിന്നാണ് കാണാതായ ആധാരം ലഭിച്ചത്. ഭരണസമിതിയുടെ നേതൃത്വത്തിൽ ഇന്ന് നടത്തിയ തെരച്ചിൽ യജ്ഞത്തിലാണ് ആധാരങ്ങൾ കണ്ടെത്തിയത്. അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഷെൽഫിൽ ഉണ്ടായിരുന്നില്ലെന്നും രേഖകൾ കാണാതായതിൽ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.
പറവൂർ നഗരസഭ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ അടക്കം ഇരുപതോളം വസ്തുക്കളുടെ ആധാരങ്ങളാണ് കാണാതെ പോയത്. രേഖകൾ നഷ്ടമായതോടെ നഗരസഭയിലെ പല പദ്ധതികളും ആശങ്കയിൽ ആയിരുന്നു. തുടർന്നാണ് ഭരണസമിതിയുടെ നേതൃത്വത്തിൽ അവധി ദിവസമായ ഇന്ന് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉൾപ്പെടുത്തി തെരച്ചിൽ യജ്ഞം സംഘടിപ്പിച്ചത്. ജീവനക്കാർ നടത്തിയ തെരച്ചിലിൽ നഗരസഭയിലെ ഒരു ഷെൽഫിൽ നിന്ന് ആധാരം കണ്ടെത്തി.എന്നാൽ ചില ആധാരാങ്ങൾ കൂടി ലഭിക്കാനുണ്ടെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം ഇതേ ഷെൽഫിൽ പരിശോധന നടത്തിയിരുന്നെങ്കിലും രേഖകൾ ലഭിച്ചിരുന്നില്ല . അതേ ഷെൽഫിൽ നിന്ന് ഇന്ന് രേഖകൾ ലഭിച്ചതിൽ ദുരൂഹത ഉണ്ടെന്നും ആരോപണമുണ്ട്.