ആശ്വാസ വാര്‍ത്ത; പേട്ടയിൽ നിന്ന് കാണാതായ രണ്ടുവയസുകാരിയെ ഓടയിൽ നിന്ന് കണ്ടെത്തി
|കുട്ടിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്ന് കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി. ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനില അറിഞ്ഞ ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങൾ വെളിപ്പെടുത്താന്‍ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു.
വൈകിട്ട് ഏഴരയോടെ കൊച്ചുവേളി റെയിൽവെ സ്‌റ്റേഷനിലേക്ക് പോകുന്ന വഴി ബ്രഹ്മോസിന് പിറകിലെ ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ ഓടയില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്,എപ്പോഴാണ് കുട്ടിയെ ഉപേക്ഷിച്ചത് തുടങ്ങിയ കാര്യങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല.
കാണാതായി 20 മണിക്കൂറിന് ശേഷമാണ് കുട്ടിയെ പൊലീസിന് കണ്ടെത്താനായത്. ഇന്ന് പുലർച്ചെ 12 മണിക്കും ഒരു മണിക്കും ഇടയിലാണ് കുട്ടിയെ കാണാതാവുന്നത്. പേട്ട ഓൾ സെയ്ന്റ്സ് കോളേജിന്റെ പിറകിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ മകളെയാണ് തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചത്. മഞ്ഞ ആക്റ്റീവ സ്കൂട്ടറിലെത്തിയ രണ്ടുപേർ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കുട്ടിയുടെ ആറുവയസ്സുകാരനായ സഹോദരൻ പൊലീസിൽ മൊഴി നൽകി. തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും കന്യാകുമാരിയിലും പരിശോധന ഊർജിതപ്പെടുത്തിയിരുന്നു.
ഇതിനിടയിൽ കുട്ടിയെ കണ്ടതായി തിരുവനന്തപുരം ഈഞ്ചയ്ക്കൽ സ്വദേശി പൊലീസിൽ മൊഴി നൽകി. എന്നാൽ മൊഴിപ്രകാരമുള്ള പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുട്ടിയുടെ അമ്മൂമ്മ അടക്കമുള്ളവർ ഹൈദരാബാദിൽ നിന്ന് പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.