മിഷന്‍ അരിക്കൊമ്പന്‍: നാല് കുംകിയാനകളെത്തി, വിധി അനുകൂലമായാല്‍ മാര്‍ച്ച് 30ന് മയക്കുവെടിവെക്കും
|അരിക്കൊമ്പനെ തളയ്ക്കാൻ വയനാട്ടിൽ നിന്നുള്ള നാല് കുംകിയാനകള്‍ ഇടുക്കിയിലെത്തി
ഇടുക്കി: ഇടുക്കിയിൽ ഭീതി പരത്തിയ കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുന്നതിൽ കോടതി വിധി അനുകൂലമായാൽ ഈ മാസം 30ന് ദൗത്യം നടത്തുമെന്ന് വനം വകുപ്പ്. 29ന് മോക് ഡ്രിൽ നടത്തും. 71 അംഗ ദൗത്യ സംഘത്തിലെ മുഴുവൻ ആളുകളെയും അണിനിരത്തിയാണ് മോക്ഡ്രിൽ നടത്തുക. ഇതിനായി കുംകിയാനകളും ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ടീമും സജ്ജമായിട്ടുണ്ട്.
കോടതി വിധി മോക്ഡ്രിൽ നടത്തുന്നതിന് തടസമാകില്ലെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. ആനയെ പിടികൂടി മാറ്റണമെങ്കിലും റേഡിയോ കോളർ ഘടിപ്പിക്കണമെങ്കിലും മയക്കുവെടി വെക്കണം. കേസ് പരിഗണിക്കുന്ന 29ന് കോടതിയിൽ കാര്യങ്ങൾ ബോധിപ്പിച്ച് അനുകൂലവിധി സമ്പാദിക്കാനാകുമെന്നാണ് വനം വകുപ്പിന്റെ കണക്കുകൂട്ടൽ.
അരിക്കൊമ്പനെ തളയ്ക്കാൻ വയനാട്ടിൽ നിന്നുള്ള നാല് കുംകിയാനകളും ഇടുക്കിയിലെത്തി. കാടിറങ്ങിയെത്തുന്ന കാട്ടുകൊമ്പനെ തളയ്ക്കാനുളള തയ്യാറെടുപ്പിലാണ് നാലംഗ സംഘം. കുഞ്ചു, വിക്രം, കോന്നി സുരേന്ദ്രൻ, സൂര്യൻ- മുത്തങ്ങ ആനക്കളരിയിൽ നിന്ന് അഭ്യാസം പഠിച്ചവർ. ഇടുക്കിയെ വിറപ്പിക്കുന്ന അരിക്കൊമ്പനെ വരുതിയിലാക്കാനുള്ള തയ്യാറെടുപ്പിലാണ് നാല് പേരും. എട്ട് ദൗത്യത്തിൽ പങ്കെടുത്ത കുഞ്ചുവാണ് കൂട്ടത്തിൽ പരിചയ സമ്പന്നൻ. സുരേന്ദ്രനും സൂര്യയും മൂന്നും വിക്രം രണ്ടും ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ധോണിയിലെ പിടിസെവനെ മെരുക്കിയ പരിചയ സമ്പത്തുമായാണ് വിക്രമിന്‍റെയും സുരേന്ദ്രന്‍റെയും വരവ്.
2017ൽ കുംകിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. അന്ന് കാട്ടിലൊളിച്ച അരിക്കൊമ്പൻ ആറ് മാസം കഴിഞ്ഞാണ് കാടിറങ്ങിയത്. കുങ്കിയാനകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതുകൊണ്ടാകാം ആർക്കും പിടികൊടുക്കാതെ ശങ്കര പാണ്ഡ്യൻമേടിലെ ഇടക്കാടുകളിൽ തമ്പടിച്ചിരിക്കുകയാണ് അരിക്കൊമ്പൻ. കാടിറങ്ങുന്നതും കാത്ത് നാല് പേരും.