മിഷൻ അരിക്കൊമ്പൻ: മയക്കുവെടി വെക്കുന്നതിന് മുന്നോടിയായുള്ള മോക്ഡ്രിൽ നാളെയില്ല
|കേസ് കോടതിയുടെ പരിഗണനയിലാതിനാലാണ് തീരുമാനം
അരിക്കൊമ്പനെ മയക്കുവെടി വെക്കുന്നതിന് മുന്നോടിയായുള്ള മോക്ഡ്രിൽ നാളെ ഉണ്ടാവില്ല. കേസ് കോടതിയുടെ പരിഗണനയിലാതിനാലാണ് തീരുമാനം. അതേസമയം അരിക്കൊമ്പനെ പിടികൂടാൻ എട്ടു സംഘങ്ങളായുള്ള ദൗത്യസംഘത്തെ നിയോഗിച്ചു.
സി.സി.എഫു മാരായ നരേന്ദ്ര ബാബു, ആർ.എസ് അരുൺ എന്നിവരുടെ നേതൃത്വത്തിലായിരിക്കും അരിക്കൊമ്പനെ മയക്ക് വെടി വെക്കുന്ന ദൗത്യം നടക്കുക. എട്ട് സംഘങ്ങളുടെയും ചുമതലകൾ ഡോക്ടർ അരുൺ സഖറിയ വിശദീകരിച്ചു. ദൗത്യത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും പരിചയപ്പെടുത്തി. ഓരോ സംഘത്തിൻറെ തലവന്മാർ നിൽക്കേണ്ട സ്ഥലവും നിശ്ചയിച്ചു. അരിക്കൊമ്പനെ മയക്ക് വെടി വച്ചാൽ കൊണ്ടുപോകാനുള്ളവാഹനവും തയ്യാറാണ്. 29ന് കോടതിവിധി അനുകൂലമായാൽ മുപ്പതിന് രാവിലെ നാലുമണിക്ക് ദൗത്യം തുടങ്ങും. നിലവിൽ ദൗത്യ മേഖലയായ സിമൻറ് പാലത്തിന് സമീപത്താണ് അരികൊമ്പനുള്ളത്.
പെരിയ കനാൽ എസ്റ്റേറ്റ് മേഖലയിലേക്ക് അരിക്കൊമ്പൻ തിരികെ പോകാതിരിക്കാനുള്ള നടപടി വനം വകുപ്പ് തുടങ്ങി. കോടതിവിധി അനുകൂലമാക്കുന്നതിന് അവശ്യമായ രേഖകൾ വനം വകുപ്പ് സമർപ്പിച്ചിട്ടുണ്ട്. 2005 മുതൽ 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തിട്ടുണ്ടെന്നാണ് വനം വകുപ്പിൻ്റെ കണക്ക്.ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിലായി 29 പേരാണ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതു സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരവും കോടതിക്ക് കൈമാറും.
അതേസമയം അരിക്കൊമ്പൻ വിഷയത്തിൽ പ്രതികരണവുമായി മുൻ എം.പി അഡ്വ.ജോയ്‌സ് ജോർജ് രംഗത്തെത്തി. ദൗത്യം അന്തിമ ഘട്ടത്തിൽ എത്തിയപ്പോഴത്തെ കോടതി നടപടി അസ്വഭാവികമാണെന്നും ശരിയായ വസ്തുതകൾ കോടതിയിലെത്തിയിട്ടില്ലെന്നും ജനങ്ങൾക്ക് അനുകൂലമായ വിധി ഹൈക്കോടതിയിൽ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ജോയ്സ് ജോർജ് കട്ടപ്പനയിൽ പറഞ്ഞു