അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു; ഏഴുമണിയോടെ വെടിവെച്ചേക്കും
|മാറ്റുന്ന സ്ഥലം നിലവിൽ എവിടെയാണെന്ന് അറിയിച്ചിട്ടില്ലെന്ന് സി.സി.എഫ് ആർഎസ് അരുൺ
ഇടുക്കി: ഇടുക്കിയിൽ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ദൗത്യമേഖലയിലേക്ക് പുറപ്പെട്ടു. വനംവകുപ്പിന്റെ നേതൃത്വത്തിൽ 150 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. ദൗത്യമേഖലയിൽ അരിക്കൊമ്പൻ ഉണ്ടെന്നും സൂര്യൻ ഉദിക്കുമ്പോൾ വെടിവെക്കാനാവുമെന്നും സിസിഎഫ് ആർഎസ് അരുൺ മീഡിയവണിനോട് പറഞ്ഞു. വനം വകുപ്പ് സജ്ജമെന്നു സി സി എഫ് ആർ എസ് അരുൺ.
11 മണിയോടെ ആനയെ ലോറിയിൽ കയറ്റാനാകും എന്ന് പ്രതീക്ഷീക്കുന്നു. മയക്കുവെടി വച്ചാൽ 4 മണിക്കൂർ സമയം കൊണ്ട് വാഹനത്തിലേക്ക് ആനയെ കയറ്റും. ആനയെ മാറ്റുന്ന സ്ഥലം നിലവിൽ എവിടെ എന്ന് അറിയിച്ചിട്ടില്ല. ആനയെ വാഹനത്തിൽ കയറ്റാനായാൽ സ്ഥലം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മയക്കുവെടിവെച്ച് ആനയെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലോ അഗസ്ത്യാർകൂട വനമേഖലയിലോ വിടാനാണ് തീരുമാനം. അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക്ഡ്രിൽ ഇന്നലെ പൂർത്തിയായിരുന്നു. ഇതിന് മുൻപ് അഞ്ച് തവണ അരിക്കൊമ്പനെ മയക്കുവെടി വെച്ചിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. ഇതുവരെ ഏഴ് വീടുകളും മൂന്ന് കടകളും റേഷൻകടയും ക്യഷിയും അരിക്കൊമ്പൻ നശിപ്പിച്ചിരുന്നു.