വിവേകപൂർവം പ്രവർത്തിക്കാത്തതാണ് മുസ്‌ലിം സമുദായത്തെ കുറിച്ചുള്ള തെറ്റിദ്ധാരണക്ക് കാരണം: സി. മുഹമ്മദ് ഫൈസി
|''സർക്കാറിനെയോ മറ്റ് സംഘടനകളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സമുദായം തിരുത്തേണ്ടത് തിരുത്തണം. മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടത് ക്രമപ്രകാരം ബോധ്യപ്പെടുത്തുകയും വേണം''
കോഴിക്കോട്: മുസ്‌ലിംകളെ കുറിച്ച് ഇന്ത്യക്ക് അകത്തും പുറത്തും വലിയ തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ടെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി. സമുദായം വിവേകപൂർവം പ്രവർത്തിക്കാത്തതാണ് തെറ്റിദ്ധാരണക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. എസ്.എസ്.എഫ് ഗോൾഡൻ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഹമ്മദ് ഫൈസി.
സർക്കാറിനെയോ മറ്റ് സംഘടനകളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സമുദായം തിരുത്തേണ്ടത് തിരുത്തണം. മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടത് ക്രമപ്രകാരം ബോധ്യപ്പെടുത്തുകയും വേണം. ഈ നിലവാരത്തിലേക്ക് യുവാക്കളും പണ്ഡിതൻമാരും സമുദായത്തിലെ മുഴുവൻ അംഗങ്ങളും ഉയരണം. എങ്കിൽ മാത്രമേ തെറ്റിദ്ധാരണ അവസാനിക്കൂ എന്നും ഫൈസി പറഞ്ഞു.
ഇന്ത്യയിലെപ്പോലെ ഇസ്‌ലാമിക പ്രവർത്തനം നടത്താൻ സാധിക്കുന്ന മറ്റൊരു രാജ്യമില്ലെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊൻമള അബ്ദുൽ ഖാദർ മുസ്‌ലിയാർ പറഞ്ഞു. സൗദി ഉൾപ്പെടെയുള്ള ഇസ്‌ലാമിക രാജ്യങ്ങളിൽ പോലും ഇന്ത്യയിലുള്ളത് പോലെ മതസ്വാതന്ത്ര്യമില്ല. വെള്ളിയാഴ്ച മതപ്രഭാഷണം നടത്താൻ നമ്മുടെ രാജ്യത്ത് ഒരു തടസവും ഇല്ല. ഗൾഫ് രാജ്യങ്ങളിൽ പോലും ഈ സ്വാതന്ത്ര്യം ലഭിക്കാറില്ല. യു.എ.ഇയിൽ 10 വർഷം മുമ്പ് തന്നെ ഇത് തടഞ്ഞെന്നും പൊൻമള പറഞ്ഞു.