സമൂഹമാധ്യമം വഴി പരിചയപ്പെട്ട് 20 ലക്ഷം രൂപ തട്ടി: മിസോറാം സ്വദേശി പിടിയിൽ
|ജോർദാനിൽ ജോലി ചെയ്യുന്ന അങ്കമാലി സ്വദേശിയാണ് തട്ടിപ്പിനിരയായത്
സമൂഹമാധ്യമം വഴി പരിചയപ്പെട്ട് ഇരുപത് ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ. മിസോറാം സ്വദേശി ലാൽച്വാൻതാങ്ങിയെ യാണ് ആലുവ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലി സ്വദേശിയുടെ പരാതിയിലാണ് നടപടി.
ജോർദാനിൽ ജോലി ചെയ്യുന്ന അങ്കമാലി സ്വദേശിയാണ് തട്ടിപ്പിനിരയായത്. യുകെയിൽ സ്വർണ ബിസിനസ് നടത്തുകയാണെന്നാണ് പ്രതി യുവാവിനെ ധരിപ്പിച്ചിരുന്നത്. ഇന്ത്യയിലേക്ക് സ്വർണ ബിസിനസ് വ്യാപിപ്പിക്കാൻ പ്ലാനുണ്ടെന്നും യുവാവിനെ അറിയിച്ചിരുന്നു. തുടർന്ന് ഇരുവരും നിരന്തരം സന്ദേശമയയ്ക്കാനും തുടങ്ങി. ഇതിനിടെ കൊച്ചി വിമാനത്താവളത്തിൽ തന്നെ മൂന്നരക്കോടി രൂപയുടെ ഡ്രാഫ്റ്റുമായി പിടികൂടിയെന്നും ഇത് വിട്ടുകിട്ടാൻ 20 ലക്ഷം രൂപ വേണമെന്നും ലാൽച്വാൻതാങ്ങ് യുവാവിനെ അറിയിച്ചു.
വിമാനത്താവളത്തിൽ നിന്നുള്ള ചിത്രങ്ങളും സ്‌ക്രീൻഷോട്ടുകളുമയച്ച് കൊണ്ടായിരുന്നു അഭ്യർഥന. പുറത്തിറങ്ങിയാലുടൻ പൈസ തരാമെന്നും ഉറപ്പ് പറഞ്ഞിരുന്നു. ഇതുപ്രകാരം യുവാവ് പലരിൽ നിന്നായി കടം വാങ്ങി പൈസ അയച്ചു കൊടുത്തു. എന്നാൽ പൈസ ലഭിച്ചതിന് ശേഷം ഇവരുമായി പിന്നീട് ബന്ധപ്പെടാൻ സാധിച്ചില്ല. ഇതോടെയാണ് യുവാവ് പൊലീസിനെ സമീപിക്കുന്നത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഡൽഹി വസന്ത് വിഹാർ മെട്രോ സ്‌റ്റേഷന് സമീപത്ത് നിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു. ഇവിടെ പലചരക്ക് കട നടത്തി വരികയായിരുന്നു യുവതി.