വർഗീയ കാർഡിറക്കി പാഷാണം വർക്കി കളിക്കുന്ന സിപിഎം പാർട്ടി ഓഫീസുകൾ ആർഎസ്എസിന് ശാഖ നടത്താൻ കൈമാറണം: എം.കെ മുനീർ
|'പതിറ്റാണ്ടുകൾ ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടു വാങ്ങി, തദ്ദേശ സ്ഥാപനങ്ങളിൽ ഒന്നിച്ച് മത്സരിച്ച് അധികാരം പങ്കുവച്ച സിപിഎം പുതിയ വെളുപാടുമായി വരുന്നത് എല്ലാവർക്കും മനസ്സിലാകും.'
കോഴിക്കോട്: അടിസ്ഥാനവർഗത്തെയും നയനിലപാടുകളും കൈയൊഴിഞ്ഞ് വർഗീയതയിൽ അഭിരമിക്കുന്ന സിപിഎം പാർട്ടി ഓഫീസുകൾ ആർഎസ്എസിന് ശാഖ നടത്താൻ വിട്ടുകൊടുക്കുകയാണ് നല്ലതെന്ന് മുസ്‌ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ എംഎൽഎ. യുഡിഎഫിന്റെ മുസ്‌ലിം-ഹിന്ദു സ്ഥാനാർഥികൾക്കെതിരെ ഏതു കാർഡെടുക്കണമെന്ന് സിപിഎമ്മിന് ശരിക്കുമറിയാം. ഇത്ര നീചമായ രീതിയിൽ വർഗീയതയുടെ കാർഡുകൾ തെരഞ്ഞെടുപ്പിൽ എടുത്തുവീശുന്ന പാർട്ടി രാജ്യത്ത് തന്നെ വേറെയില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഷാഫി പറമ്പിൽ വടകരയിൽ സ്ഥാനാർഥിയായപ്പോൾ കാഫിർ വർഗീയ കാർഡിറക്കി സിപിഎം ആർഎസ്എസ് വോട്ട് നേടാൻ ശ്രമിച്ചു. പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സന്ദീപ് വാര്യർ, ആർഎസ്എസ് എന്നെല്ലാം പരസ്യം നൽകി മുസ്‌ലിം വോട്ട് സ്വരൂപിക്കാനും നീക്കം നടത്തി. പാലക്കാട്ട് വർഗീയ കാർഡ് ഫലിച്ചില്ലെന്ന് കണ്ടതോടെ വീണ്ടും ജമാഅത്ത്-എസ്ഡിപിഐ കാർഡിറക്കി പ്രചാരണം തുടങ്ങിയിരിക്കുന്നു. മതനിരപേക്ഷതയും ജനപക്ഷ രാഷ്ട്രീയവും കൈയൊഴിഞ്ഞ് അധോലോക മാഫിയയായ സിപിഎം, പാർട്ടി ഓഫീസുകൾ ആർഎസ്എസിനെ പോലും പിന്നിലാക്കുന്ന വർഗീയതയാണ് പയറ്റുന്നത്- മുനീർ പ്രസ്താവനയിൽ പറഞ്ഞു.
മുസ്‌ലിം സമുദായത്തിലെ വിവിധ സംഘടനകളിൽ ഇടപെട്ട് പ്രശ്നം സൃഷ്ടിക്കുകയും, തട്ടുകളായി തിരിച്ച് വർഗീയ സംഘടനകളെന്നും വർഗസംഘടനകളെന്നും തരംതിരിച്ച് അക്രമിക്കുന്നതുമാണ് സിപിഎം രീതി. സിപിഎമ്മിനെ പിന്തുണക്കുന്നുണ്ടോ എന്നതാണ് ഈ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള മാനദണ്ഡം. എന്നാൽ, മറ്റൊരു സമുദായത്തിലെ സംഘടനകൾക്കും ഇത്തരം വർഗീയ സർട്ടിഫിക്കറ്റ് വിതരണം കാണുന്നുമില്ല. പതിറ്റാണ്ടുകൾ ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടു വാങ്ങി, തദ്ദേശ സ്ഥാപനങ്ങളിൽ ഒന്നിച്ച് മത്സരിച്ച് അധികാരം പങ്കുവച്ച സിപിഎം പുതിയ വെളുപാടുമായി വരുന്നത് എല്ലാവർക്കും മനസ്സിലാകും.
മുസ്‌ലിംലീഗിന്റെയും സുന്നികളുടെയും നേതാവായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ പോലും ജമാഅത്ത് ചാപ്പകുത്തിയത് പിണറായി വിജയൻ നേരിട്ടാണ്. തരാതരം വർഗീയ കാർഡെടുത്ത് പാഷാണം വർക്കി കളിക്കുന്ന സിപിഎമ്മിന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നുവെന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും എം.കെ മുനീർ കൂട്ടിച്ചേർത്തു.
Summary: 'CPM, which is playing the communal card, should hand over their party offices to RSS to run shakhas': IUML leader MK Muneer