ഫാത്തിമ തഹ്‌ലിയക്കെതിരായ നടപടി എന്തിനെന്ന് അറിയില്ല: എം.കെ മുനീർ
|ഫാത്തിമ തഹ്‌ലിയ അച്ചടക്കലംഘനം നടത്തിയോ എന്നറിയില്ല. ദേശീയ കമ്മിറ്റിയാണ് നടപടിയെടുത്തത്. 26 ന് ചേരുന്ന പ്രവർത്തകസമിതി ഇക്കാര്യം ചർച്ച ചെയ്യുമെന്നും എംകെ മുനീർ
ഫാത്തിമ തഹ്‌ലിയക്കെതിരെ നടപടിയെടുത്തത് എന്തിനാണെന്ന് അറിയില്ലെന്ന് എം.കെ മുനീർ. ഫാത്തിമ തഹ്‌ലിയ അച്ചടക്കലംഘനം നടത്തിയോ എന്നറിയില്ല. ദേശീയ കമ്മിറ്റിയാണ് നടപടിയെടുത്തത്. 26 ന് ചേരുന്ന പ്രവർത്തകസമിതി ഇക്കാര്യം ചർച്ച ചെയ്യുമെന്നും എംകെ മുനീർ കോഴിക്കോട് പറഞ്ഞു.
വിശദീകരണം ചോദിച്ചോ ഇല്ലയോ എന്ന് അറിയില്ല. തീരുമാനം എടുക്കാനുണ്ടായ കാരണം വ്യക്തമല്ല. സെൻട്രൽ കമ്മിറ്റി എടുത്ത തീരുമാനം ആയതിനാൽ 26ന് ചേരുന്ന പ്രവർത്തക സമിതിയിലേ ഇതിന്റെ റിപ്പോർട്ടിങ് ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് തഹ്ലിയയെ നീക്കിയത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് ലീഗ് ദേശീയ നേതൃത്വത്തിന്റെ നടപടി.
ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ ഒപ്പുവച്ച് ഔദ്യോഗിക ലെറ്റര്‍പാഡില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് തഹ്‍ലിയയെ സ്ഥാനത്തുനിന്നു നീക്കിയ വിവരം പുറത്തുവിട്ടത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് അച്ചടക്കലംഘനത്തിന് നടപടി സ്വീകരിക്കുന്നതെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഹരിതയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയും കൂടിയാലോചനകളില്ലാതെയുമാണ് ഹരിതയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് ഫാത്തിമ തഹ്‍ലിയ പ്രതികരിക്കുകയും ചെയ്തിരുന്നു. ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടതിനു പിറകെയാണ് ലീഗ് ദേശീയ നേതൃത്വത്തിന്റെ നടപടി.