'പ്രതിരോധവും ആക്രമണവും രണ്ടാണെന്ന് മനസിലാക്കണം'; തരൂരിന് മറുപടിയുമായി എം.കെ മുനീർ
|ഫലസ്തീന്റേത് സ്വാതന്ത്ര്യസമരമാണ്. ഫലസ്തീനായി പോരാടുന്നവരെ ഭീകരവാദികളെന്ന് വിളിക്കുന്നത് സാമ്രാജ്യത്വവാദികളാണെന്നും മുനീർ പറഞ്ഞു.
കോഴിക്കോട്: ഹമാസ് പോരാളികളെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച ശശി തരൂരിന് മറുപടിയുമായി എം.കെ മുനീർ. പ്രതിരോധവും ആക്രമണവും രണ്ടാണെന്ന് മനസിലാക്കണമെന്ന് മുനീർ പറഞ്ഞു. ഫലസ്തീന്റേത് സ്വാതന്ത്ര്യ സമരവും ഇസ്രായേലിന്റേത് അധിനിവേശവുമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലായിരുന്നു മുനീറിന്റെ പ്രതികരണം.
ഭഗത് സിങ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നത് ഭീകരവാദമായാണ് ബ്രിട്ടീഷുകാർ കണ്ടത്. ഫലസ്തീനായി പോരാടുന്നവരെ ഭീകരവാദികൾ എന്ന് വിളിക്കുന്നത് സാമ്രാജ്യത്വവാദികളാണ്. ചെറിയ കല്ലുകൾ എറിഞ്ഞവർ കൂടുതൽ പ്രതിരോധിക്കുന്നുണ്ടെങ്കിൽ അത് അടിച്ചമർത്തൽകൊണ്ടാണ്. നമ്മൾ പ്രതിരോധത്തിനൊപ്പമാണെന്നും മുനീർ പറഞ്ഞു.
റാലി ഉദ്ഘാടനം ചെയ്ത തരൂർ ഹമാസ് പോരാളികളെ തീവ്രവാദികൾ എന്ന് വിശേഷിപ്പിച്ചിരുന്നു. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തി 1400 പേരെ കൊലപ്പെടുത്തിയെന്നായിരുന്നു തരൂർ പറഞ്ഞത്. ഇസ്രായേൽ നടത്തുന്നത് മനുഷ്യത്വരഹിതമായ ആക്രമണമാണെന്നും കഴിഞ്ഞ 15 വർഷം നടന്ന മരണത്തെക്കാൾ കൂടുതൽ മരണം ഇപ്പോൾ നടന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു.