Kerala
സി.പി.എം എന്ന വിഷസർപ്പത്തെ എടുത്ത് മടിയിൽ വെക്കരുത്; എൽ.ഡി.എഫ് ബന്ധത്തിൽ വിശദീകരണവുമായി മുനീർ
Kerala

'സി.പി.എം എന്ന വിഷസർപ്പത്തെ എടുത്ത് മടിയിൽ വെക്കരുത്'; എൽ.ഡി.എഫ് ബന്ധത്തിൽ വിശദീകരണവുമായി മുനീർ

Web Desk
|
8 Aug 2022 3:53 AM GMT

എൽ.ഡി.എഫിലേക്ക് ഒരിക്കലും പോകില്ലെന്ന് പറയാനാകില്ല എന്ന് മീഡിയവൺ എഡിറ്റോറിയൽ മുനീർ നടത്തിയ പരാമർശം വിവാദമായിരുന്നു

കോഴിക്കോട്: എൽ.ഡി.എഫ് ബന്ധത്തിൽ വിശദീകരണവുമായി ഡോ. എം.കെ മുനീർ. മാർക്‌സിസ്റ്റ് പാർട്ടി എന്ന വിഷസർപ്പത്തെ എടുത്ത് മടിയിൽ വെക്കരുത് എന്നാണ് തന്റെ അഭിപ്രായമെന്നും ഒരിക്കലും എൽഡിഎഫുമായി ചേർന്ന് പോകുന്നതിനെക്കുറിച്ച് മുസ്‍ലിം ലീഗ് ആലോചിച്ചിട്ടില്ല എന്നും എം.കെ മുനീർ പറഞ്ഞു. എൽ.ഡി.എഫിലേക്ക് ഒരിക്കലും പോകില്ലെന്ന് പറയാനാകില്ല എന്ന് മീഡിയവൺ എഡിറ്റോറിയൽ മുനീർ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയാണ് വിശദീകരണം.

മുനീറിന്റെ പ്രസ്താവന ലീഗ് അണികൾക്കിടയിൽ വലിയ തോതിലുള്ള പ്രതിഷേധത്തിനിടയാക്കിയിരുന്നു. സാമൂഹ്യ മാധ്യമങ്ങൾ വഴിയും മുസ്‍ലിം ലീഗിന്റെ തന്നെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ശക്തമായി വന്നിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രവർത്തകർക്ക് വേണ്ടി സിപിഎമ്മിനെ ആക്രമിച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തത്.

' ഞാൻ സി.എച്ച് മുഹമ്മദ് കോയയുടെ മകനാണെങ്കിൽ എനിക്ക് ഒരു നിലപാടെ ഉള്ളൂ. അത് മാർക്‌സിസ്റ്റ് പാർട്ടി എന്ന് പറയുന്ന വിഷസർപ്പത്തെ എടുത്ത് മടിയിൽ വെക്കരുത് എന്നുള്ളത് തന്നെയാണ്. ഇപ്പോൾ ഒരിക്കലും അവരുമായി ചേർന്ന് പോകുന്നതിനെ കുറിച്ച് മുസ്‍ലിംലീഗ് ആലോചിച്ചിട്ടേയില്ല.

ഞങ്ങൾ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചാണ് ആലോചിച്ച് കൊണ്ടിരിക്കുന്നത്. കോൺഗ്രസിന് ഒരു പോറൽ പോലും ഏൽക്കാതെ നോക്കുക എന്നുള്ളത് നമ്മുടെ കടമയാണ്.

ഗാന്ധിയെയും സോണിയ ഗാന്ധിയെയും ഇഡി അടക്കമുള്ളവർ നിരന്തരമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്ത് കേന്ദ്രത്തിലെ ഫാസിസ്റ്റ് ഗവൺമെൻറ് ഇപ്പോഴും കോൺഗ്രസിനെയാണ് മെയിൻ ടാർജറ്റ് ആയി കാണുന്നതെങ്കിൽ ആ കോൺഗ്രസിനെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്വം ഞങ്ങൾക്കുണ്ട് എന്ന് വിശ്വസിക്കുന്നു.

മാർക്‌സിസ്റ്റ് പാർട്ടിയും അതിനെക്കുറിച്ച് ആലോചിക്കുന്നതാ നല്ലത്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് നമുക്ക് പ്രവചിക്കാൻ പറ്റില്ല. നാളെ മാർക്‌സിസ്റ്റ് പാർട്ടി ചിലപ്പോ കോൺഗ്രസിനെ അനുകൂലിച്ചുകൊണ്ട് വരുന്നത് നമുക്ക് കാണാൻ കഴിയും.' എന്നായിരുന്നു മുനീറിന്‍റെ വിശദീകരണം.

Similar Posts