'ഒരു വാപ്പക്ക് ജനിച്ചവനാണ് ഞാൻ'; പിഎഫ്ഐക്കെതിരായ നിലപാടിൽ മാറ്റമില്ലെന്ന് എംകെ മുനീർ
|രാവിലെ പറഞ്ഞത് വൈകിട്ട് മാറ്റി പറയുന്ന രീതി ലീഗിനില്ല എന്നും മുനീർ പ്രതികരിച്ചു
കോഴിക്കോട്: പിഎഫ്ഐ നിരോധിച്ച കേന്ദ്രസർക്കാർ വിധിയെ സ്വാഗതം ചെയ്‌ത നിലപാടിൽ മാറ്റമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് ഡോ.എംകെ മുനീർ എംഎൽഎ. 'ഒരു വാപ്പക്ക് ജനിച്ചവനാണ് ഞാൻ. രാവിലെ പറഞ്ഞത് വൈകിട്ട് മാറ്റി പറയുന്ന രീതി ലീഗിനില്ല' എന്നും മുനീർ പ്രതികരിച്ചു.
കാരണങ്ങള്‍ കണ്ടെത്തി നിരോധിച്ചിട്ടുണ്ടെങ്കില്‍ ആ നിലപാടിന്‍റെ കൂടെ നില്‍ക്കുക എന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിഎഫ്ഐ നിരോധനം എംകെ മുനീർ സ്വാഗതം ചെയ്‌തത്. അത്രമാത്രം അക്രമങ്ങള്‍ അവര്‍ അഴിച്ചുവിട്ടിട്ടുണ്ട്. പുതിയ തലമുറയെ വഴിതെറ്റിക്കുന്ന മുദാവാക്യമാണ് പോപ്പുലര്‍ഫ്രണ്ട് മുഴക്കിക്കൊണ്ടിരിക്കുന്നതെന്നും മുനീര്‍ പറഞ്ഞിരുന്നു.
ആര്‍എസ്എസും ഇത്തരം നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഈ രണ്ടു സംഘടനകള്‍ക്കും കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചുവെന്നുമാണ് അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞത്. വാളെടുക്കാൻ ആഹ്വാനം ചെയ്‌തവർ ഏത് ഇസ്‌ലാമിന്റെ ആളുകളാണെന്നും മുനീർ ചോദിച്ചു. അതേസമയം, നിരോധനം ഏകപക്ഷീയമാണെന്ന് ആയിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം. വിഷയത്തിൽ മുസ്‌ലിം ലീഗിൽ ഭിന്നത തുടരുകയാണ്.