തരൂരിനെ പരമാവധി പ്രയോജനപ്പെടുത്തണം, ഒഴിവാക്കിയത് ശരിയല്ല; എം.കെ രാഘവൻ
|സംസ്ഥാന രാഷ്ട്രീയത്തിൽ മുന്നിൽ നിൽക്കേണ്ടയാളാണ് തരൂർ
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ശശി തരൂര്‍ എംപിയെ കോണ്‍ഗ്രസ് ഒഴിവാക്കിയതിനെ വിമർശിച്ച് എം.കെ.രാഘവൻ എംപി. തരൂരിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നൊഴിവാക്കിയ നടപടി ശരിയല്ല. സംസ്ഥാന രാഷ്ട്രീയത്തിൽ മുന്നിൽ നിൽക്കേണ്ടയാളാണ് തരൂർ. അദ്ദേഹത്തെ പോലുള്ള ആളുകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും എം.കെ.രാഘവൻ പറഞ്ഞു.
അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ നിന്ന് തരൂർ ഒഴിഞ്ഞുമാറിയിരുന്നു. കോണ്‍ഗ്രസിന്റെ താര പ്രചാരകരുടെ പട്ടികയില്‍ തഴഞ്ഞതിന് പിന്നാലെയാണ് തരൂർ പിന്മാറിയത്. കോൺഗ്രസിന്റെ ഗുജറാത്തിലെ വിദ്യാർത്ഥി സംഘടന പ്രചാരണത്തിനായി ക്ഷണിച്ചെങ്കിലും തരൂരത് നിരസിക്കുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായ മല്ലികാർജുൻ ഖാർഗെക്കെതിരെ മത്സരിച്ചതിന് പിന്നാലെ തരൂരിനെതിരെ കോൺഗ്രസ് നീക്കങ്ങൾ നടത്തുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിന് ശക്തി പകരുന്നതാണ് പുതിയ നടപടികൾ.
ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനായി 40 താര പ്രചാരകരുടെ പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കനയ്യ കുമാര്‍, രമേശ് ചെന്നിത്തല, സച്ചിന്‍ പൈലറ്റ്, അശോക് ഗെഹ്‌ലോട്ട് തുടങ്ങിയവർ ഉൾപ്പെട്ടതാണ് പട്ടിക. എന്നാൽ, ഭാരത് ജോടോ യാത്രയുടെ തിരക്കിലാണ് രാഹുൽ ഗാന്ധി. അദ്ദേഹം ഇതുവരെ പ്രചാരണത്തിന് എത്തിയിട്ടില്ല. ഈ മാസം പന്ത്രണ്ടിന് വോട്ടെടുപ്പ് നടന്ന ഹിമാചൽ പ്രദേശിലും രാഹുലിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.