Kerala
സിംഹത്തിന്റെ മടയിൽചെന്ന് സത്യങ്ങൾ തുറന്നടിക്കുന്ന തരൂർ നയിക്കട്ടെ- കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തരൂറിനെ പിന്തുണച്ച് എം.കെ രാഘവൻ
Kerala

'സിംഹത്തിന്റെ മടയിൽചെന്ന് സത്യങ്ങൾ തുറന്നടിക്കുന്ന തരൂർ നയിക്കട്ടെ'- കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തരൂറിനെ പിന്തുണച്ച് എം.കെ രാഘവൻ

Web Desk
|
1 Oct 2022 12:07 PM GMT

എണ്ണമറ്റ യോഗ്യതകളുള്ള ഒരായിരം പ്രതിഭകളുടെ സംഗമ വേദിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഒരാളെയും മറ്റൊരാളുമായി താരതമ്യം ചെയ്യാനാകാത്ത വിധം നമ്മുടെ നേതാക്കൾ എല്ലാം കഴിവുള്ളവരും പ്രതിഭകളുമാണ്.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞൈടുപ്പിൽ ശശി തരൂറിനെ പിന്തുണച്ച് എം.കെ രാഘവൻ എംപി. ശശി തരൂർ പലരേയും സമീപിച്ച പോലെ തന്നെയും സമീപിച്ചെന്നും താൻ പിന്തുണക്കാമെന്ന് ഉറപ്പ് നൽകിയെന്നും അദ്ദേഹം പറഞ്ഞു. സി. ശങ്കരൻ നായർ അധ്യക്ഷനായി വന്നതിന് ശേഷം മലയാളിയായ ഒരു കോൺഗ്രസ് പ്രസിഡന്റ് ഉണ്ടാവുമെങ്കിൽ അതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'' ലോകത്തിന്റെ ജി.ഡി.പിയിൽ 27% ഉണ്ടായിരുന്ന ഇന്ത്യയുടെ ഭാഗധേയത്തെ, മൂന്നര കോടി ജനങ്ങളെ കൊന്നൊടുക്കി കൊണ്ട് കേവലം 2% ത്തിലേക്ക് ചവച്ചു തുപ്പിയ, ബ്രിട്ടന്റെ ചെയ്തികളെ സിംഹത്തിന്റെ മടയിൽ ചെന്നെന്ന പോലെ ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ സംവാദത്തിൽ ലോകത്തിനു മുന്നിൽ തുറന്നടിക്കാൻ കാരണമായ തരൂരിലെ അസാമാന്യ കൺവിൻസിംഗ് പവറിനെ, ചരിത്രത്തെ ചവച്ചു തുപ്പുന്ന ഫാഷിസ്റ്റുകളുടെ മാറിയ കാലത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്താനാകണം'- എം.കെ രാഘവൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടെ ഇന്ത്യ. ഇന്ത്യ എന്ന ബൃഹത്തായ ബഹുസ്വരതയെ പടുത്തുയർത്തിയതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹത്തായ ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഉന്നതമായ ജനാധിപത്യ ചിന്തകൾക്കും, ബോധ്യങ്ങൾക്കും നിസ്തുലമായ പങ്കുണ്ട്. 137 വർഷം പിന്നിടുമ്പോഴും ഉൾപാർട്ടി ജനാധിപത്യത്തിന്റെ അതിമനോഹരമായ പ്രക്രിയയാണ് കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരെഞ്ഞടുപ്പ്.

ഒട്ടുമിക്ക ദേശീയ പാർട്ടികളിലും ദേശീയ, സംസ്ഥാന അധ്യക്ഷന്മാരെ ഏതെങ്കിലും ചില പവർ സെന്ററുകൾ തീരുമാനിച്ച് അടിച്ച് ഏൽപ്പിക്കുമ്പോൾ, വലിയ ജനാധിപത്യ പ്രഖ്യാപനങ്ങളുമായി ഇന്നലെകളിൽ മാത്രം പിറന്നു വീണ ഒരു പാർട്ടി കേവലം ഒരു പതിറ്റാണ്ട് കാലം പ്രവർത്തനം പൂർത്തീകരിക്കും മുമ്പ് തുടർച്ചയായി പരമോന്നത പാർട്ടി പദവി ഒരു വ്യക്തിക്കായി സ്ഥിര പ്രതിഷ്ഠ നൽകാൻ പാർട്ടിയുടെ ഭരണഘടന പോലും തിരുത്തേണ്ടി വരുമ്പോൾ, ഈ രാജ്യത്തെ ഏറ്റവും പ്രായമേറിയ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ അധ്യക്ഷനെ ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കുന്നത് ഓരോ കോൺഗ്രസ് പ്രവർത്തകനും അഭിമാനം വർദ്ധിപ്പിക്കുകയാണ്.

എ.ഐ.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തെരെഞ്ഞെടുപ്പ് മുൻകാലങ്ങളിലും ആരോഗ്യകരമായി നടക്കുകയും തെരഞ്ഞെടുപ്പിന് ശേഷം നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയും ചെയ്യുന്നതാണ് ചരിത്രം. മഹാത്മജിയുടെ നോമിനിയായ പട്ടാഭി സീതാരാമയ്യയും നേതാജി സുഭാഷ് ചന്ദ്രബോസും എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും നേതാജി വിജയിക്കുകയും ചെയ്തതടക്കം ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ വലിയ പാരമ്പര്യവും ചരിത്രവും കോൺഗ്രസിനുണ്ട്.

തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അധ്യക്ഷൻ ഉണ്ടാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ആദരണീയനായ മല്ലികാർജ്ജുൻ ഖാർഗെജിയും പ്രിയങ്കരനായ ഡോ. ശശി തരൂരും അധ്യക്ഷ പദത്തിലേക്ക് മത്സരിക്കുമ്പോൾ ആര് ജയിച്ചാലും വിജയിക്കുന്നത് ഇന്ത്യൻ ജനാധിപത്യ സംസ്‌കാരമാണ്. അതിലൂടെ നിലനിൽക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിന്റെ പൈതൃകമാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയ ആകെ തന്നെ പാർട്ടിക്ക് പുതിയ ഊർജ്ജമാണ് നൽകുന്നത്.

എണ്ണമറ്റ യോഗ്യതകളുള്ള ഒരായിരം പ്രതിഭകളുടെ സംഗമ വേദിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഒരാളെയും മറ്റൊരാളുമായി താരതമ്യം ചെയ്യാനാകാത്ത വിധം നമ്മുടെ നേതാക്കൾ എല്ലാം കഴിവുള്ളവരും പ്രതിഭകളുമാണ്. ബഹുമാന്യനായ ഖാർഗെ ജിയും പ്രിയങ്കരനായ ഡോ. തരൂരും അധ്യക്ഷ പദവി അലങ്കരിക്കാൻ യോഗ്യരായ പ്രതിഭാധനത്വമുള്ളവരാണ്.

ഡോ. ശശി തരൂർ പലരേയും സമീപിച്ച പോലെ എന്നെയും സമീപിച്ചു. ''നെഹ്‌റു കുടുംബത്തിൽ നിന്ന് ആരെങ്കിലും മത്സരിക്കുന്നുണ്ടെങ്കിൽ ഞാൻ കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ല. അവർ തയ്യാറാകാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അധ്യക്ഷൻ ഉണ്ടാകുന്നത് നമ്മുടെ പാർട്ടിയുടെ ജന പിന്തുണ വർദ്ധിപ്പിക്കും. അങ്ങനെ എങ്കിൽ ഞാൻ മത്സരിച്ചാൽ എന്നെ പിന്തുണക്കുമോ'' എന്ന് ഡോ. തരൂർ എന്നോട് ചോദിച്ചു. ഞാൻ പിന്തുണക്കാമെന്ന് വാക്ക് കൊടുത്തു. ഗാന്ധിയൻ, നെഹ്‌റുവിയൻ ആശയങ്ങൾ ഉയർത്തി പിടിക്കുന്ന ഉറച്ച ജനാധിപത്യ മതേതരവാദിയായ വിശ്വപ്രശസ്തനായ ഡോ. ശശി തരൂരിന് നൽകിയ വാക്ക് ഞാൻ പാലിച്ചു. 1897 ലെ അമരാവതി എ.ഐ.സി.സി സമ്മേളനത്തിൽ സർ സി. ശങ്കരൻ നായർ അധ്യക്ഷനായി വന്നതിന് ശേഷം മലയാളിയായ ഒരു കോൺഗ്രസ് പ്രസിഡന്റ് ഉണ്ടാവുമെങ്കിൽ അതിൽ അഭിമാനമേ തോന്നിയിട്ടുള്ളൂ.

193 യു.എൻ അംഗ രാജ്യങ്ങളുമായി ആശയ വിനിമയം നടത്താൻ അണ്ടർ സെക്രട്ടറി ജനറലായ ഡോ. തരൂരിൽ വിശ്വാസമർപ്പിച്ച സെക്രട്ടറി ജനറൽ കോഫി അന്നാന് മുന്നിൽ വിജയകരമായി ദൗത്യ നിർവ്വഹണം നടത്തിയ ഡോ. തരൂരിലെ കമ്യൂണിക്കേറ്റർ, മാറിയ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിക്കും പ്രതിപക്ഷ ശാക്തീകരണത്തിനും ഗുണം ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.

ശക്തനായ യു.എൻ സെക്രട്ടറി ജനറലായി തരൂർ മാറുമെന്ന ഉറച്ച ബോധ്യമാണ് യു.എസ് ഉൾപ്പടെയുള്ള വൻ ശക്തികൾ ആ സ്ഥാനത്ത് അദ്ദേഹം എത്തുന്നത് തടഞ്ഞതെങ്കിൽ, അമേരിക്കയുടെ ആ ബോധ്യത്തെ പ്രയോജനപ്പെടുത്താൻ നമ്മൾക്ക് സാധിക്കണം. ലോകത്തിന്റെ ജി.ഡി.പിയിൽ 27% ഉണ്ടായിരുന്ന ഇന്ത്യയുടെ ഭാഗധേയത്തെ, മൂന്നര കോടി ജനങ്ങളെ കൊന്നൊടുക്കി കൊണ്ട് കേവലം 2% ത്തിലേക്ക് ചവച്ചു തുപ്പിയ, ബ്രിട്ടന്റെ ചെയ്തികളെ സിംഹത്തിന്റെ മടയിൽ ചെന്നെന്ന പോലെ ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിലെ സംവാദത്തിൽ ലോകത്തിനു മുന്നിൽ തുറന്നടിക്കാൻ കാരണമായ തരൂരിലെ അസാമാന്യ കൺവിൻസിംഗ് പവറിനെ, ചരിത്രത്തെ ചവച്ചു തുപ്പുന്ന ഫാഷിസ്റ്റുകളുടെ മാറിയ കാലത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്താനാകണം.

ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും, പ്രതിപക്ഷ ശബ്ദങ്ങളെയും മനപൂർവം തമസ്‌കരിക്കുന്ന ദേശീയ മീഡിയകൾക്ക് പോലും അവഗണിക്കാനാകാത്ത ശബ്ദമായി ഈ കഴിഞ്ഞ ദിവസങ്ങളിൽ തരൂരിന്റെ സ്ഥാനാർഥിത്തവും വ്യക്തിത്വവും മാറിയെങ്കിൽ പാർലമെന്റിന് അകത്തും പുറത്തും അദ്ദേഹം നടത്തി കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് രാഹുൽ ഗാന്ധിക്കൊപ്പം കൂടുതൽ ഗതിവേഗം നൽകാൻ സാധിക്കുമെന്നതിൽ സംശയമില്ല.

വി.കെ കൃഷ്ണമേനോന് ശേഷം കേരളം ലോകത്തിന് സംഭാവന ചെയ്ത ഡോ. തരൂരിന്റെ അനുപമമായ വ്യക്തിത്വവും ഭാഷാ സാഹിത്യ പ്രാവീണ്യവുമെല്ലാം പുതു തലമുറയിലും വിദ്യാർത്ഥികളിലും യുവാക്കളിലും സാധാരണക്കാരിലും സർവോപരി എല്ലാ വിഭാഗം ജനങ്ങളിലും പാർട്ടിയുടെ സ്വീകാര്യത വർദ്ധിപ്പിക്കും. നേതൃ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള അദ്ദേഹത്തിൻറെ തീരുമാനം തന്നെ കോൺഗ്രസ്സിന് കുടുതൽ ഉണർവും ഊർജവും പകരാൻ സഹായിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ദേശീയ തലത്തിൽ തരൂർ ഉൾപ്പെടെയുള്ളവരുടെ കൂട്ടായ നേതൃത്വം ഉയരുന്നത് കോൺഗ്രസിന് ശക്തി പകരുക തന്നെ ചെയ്യും.

ഇന്ത്യയുടെ ആത്മാവാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. കോൺഗ്രസ് നിലനിൽക്കേണ്ടതും വർഗീയ ശക്തികൾ തുരത്തപ്പെടേണ്ടതും ജനാധിപത്യ, മതനിരപേക്ഷ ഇന്ത്യയുടെ വീണ്ടെടുപ്പിന് അത്യന്താപേക്ഷിതമാണ്. വർഗീയ ശക്തികൾക്കെതിരെയുള്ള കോൺഗ്രസിന്റെ പോരാട്ടത്തെ ശക്തിപ്പെടുത്തുകയാണ് ഉൾപ്പാർട്ടി ജനാധിപത്യവും സംഘടനാ തെരഞ്ഞെടുപ്പും. സ്ഥാനാർത്ഥിത്വവുമായ് ബന്ധപ്പെട്ട് തരൂർ എഐസിസി അധ്യക്ഷ പ്രിയങ്കരിയായ സോണിയാജിയെ കണ്ടപ്പോൾ അവർ നൽകിയ പോസിറ്റീവായ പ്രതികരണം മാതൃകാപരമാണ്. ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ മഹത്വം അവർ തിരിച്ചറിയുന്നു.

കോൺഗ്രസിലെ തലമുതിർന്ന നേതാക്കളെയും മത്സര രംഗത്തുള്ള മറ്റ് പ്രഗല്ഭമതികളെയും ബഹുമാനിക്കുകയും പ്രസ്ഥാനത്തിനും രാജ്യത്തിനും അവർ നൽകിയ സംഭാവനകൾ മാനിക്കുകയും ചെയ്യുന്നു. ആശയപരമായ സംഘർഷങ്ങളാണ് ജനാധിപത്യത്തിന്റെ കരുത്ത്. സൗഹാർദ്ദപരമായ, ജനാധിപത്യപരമായ ഒരു മത്സരം നടക്കട്ടെ. പുതിയ ആശയങ്ങൾ, സംവാദങ്ങൾ ഉരുത്തിരിയട്ടെ.

പിന്തുണ നൽകാം എന്ന എന്റെ വാക്ക് പാലിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന് ഉണർവും ഊർജ്ജവുമേകാൻ ഖാർഗെജിയും തരൂരും ഉൾപ്പെടെയുള്ള കൂട്ടായ നേതൃത്വത്തിന് സാധിക്കും. ഈ ജനാധിപത്യ വസന്തത്തെ വിശാല അർത്ഥത്തിൽ ഉൾക്കൊള്ളാൻ എല്ലാ സഹപ്രവർത്തകരോടും പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരോടും അഭ്യർത്ഥിക്കുന്നു.

ഈ ജനാധിപത്യ സൗഹൃദ പോരാട്ടത്തിൽ ജയിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനമാണ്.

ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്....ജയ് ഹിന്ദ്....

Similar Posts