അന്ന് മോണോ ആക്ടില്‍ ഒന്നാം സ്ഥാനക്കാരി, ഇന്ന് കേരളത്തിന്‍റെ ആരോഗ്യമന്ത്രി; വീണാ ജോര്‍ജിന്‍റെ കലോത്സവ കാല ചിത്രം പങ്കിട്ട് എം.എല്‍.എ
|1992ല്‍ തിരൂരില്‍ നടന്ന കലോത്സവത്തിലാണ് വീണാ ജോര്‍ജ് പങ്കെടുത്തത്
കോഴിക്കോട്: 62ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം കൊല്ലത്ത് പുരോഗമിക്കുകയാണ്. അവസാന നാൾ ആര് സ്വർണക്കപ്പിൽ മുത്തമിടുമെന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കലാപ്രേമികൾ. ഓരോരുത്തർക്കും കലോത്സവം നൂറുനൂറു ഓർമകളാണ് നൽകുന്നത്. കലോത്സവ വേദികളിലൂടെ വന്ന നിരവധി പ്രമുഖരെ നമുക്കറിയാം. മലയാളികളുടെ പ്രിയ താരങ്ങളായ മഞ്ജു വാര്യരും, കാവ്യാ മാധവനുമുൾപ്പെടെ നിരവധി കലാ പ്രതിഭകളെ സിനിമാ ലോകത്തിന് സംഭാവന ചെയ്തതും കലോത്സവങ്ങളാണ്.
സിനിമാ താരങ്ങൾ മാത്രമല്ല സമൂഹത്തിന്റെ നാനാ തുറകളിൽ ഉന്നത പദവികളിലിരിക്കുന്ന ഒട്ടേറെ പേർ ഒരുകാലത്ത് കലോത്സവങ്ങളിൽ തിളങ്ങിയവരാണ്. അത്തരത്തിൽ കലോത്സവത്തിൽ തിളങ്ങിയ ഇന്നത്തെ ഒരു വി.ഐ.പിയുടെ ചിത്രം പങ്കിട്ടിരിക്കുകയാണ് അഡ്വ. ജി. സ്റ്റെഫിൻ എം.എൽ.എ. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കലോത്സവ കാലത്തെ ചിത്രമാണ് എം.എൽ.എ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
1992ൽ തിരൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ യുവജനേത്സവത്തിലാണ് വീണാ ജോർജ് പങ്കെടുത്തത്. 'അന്ന് മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രിമാരിൽ ഒരാളാണെന്നാണ് എം.എൽ.എ ഫേസ്ബുക്കില്‍ കുറിച്ചത്.
കുറിപ്പിന്‍റെ പൂര്‍ണ രൂപം
അറുപത്തി രണ്ടാമത് സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് തിരി തെളിയുമ്പോൾ, 1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രിമാരിൽ ഒരാളാണ് ….ആരോഗ്യ വകുപ്പ് മന്ത്രി സ: വീണാ ജോർജ്ജ് ❤️