കിറ്റെക്സില്‍ ഗുരുതര നിയമലംഘനം; സി.എസ്.ആർ ഫണ്ട് വിനിയോഗത്തിൽ അന്വേഷണം വേണമെന്ന് എം.എല്‍.എമാര്‍
|കലക്ടർ വിളിച്ച യോഗത്തിലാണ് പി.ടി തോമസ്, എൽദോസ് കുന്നപ്പിള്ളി, പി.വി. ശ്രീനിജൻ എന്നിവർ കിറ്റെക്സിനെതിരെ പരാതി ഉന്നയിച്ചത്
കിറ്റെക്സ് കമ്പനിയിൽ വിവിധ വകുപ്പുകൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര നിയമ ലംഘനങ്ങളെന്ന് എം.എൽ.എമാർ. കലക്ടർ വിളിച്ച യോഗത്തിലാണ് എം.എൽ.എമാർ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. തൃക്കാക്കര എം.എൽ.എ പി.ടി തോമസ്, പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി, കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ആരോപണങ്ങളിൽ വിശദമായ റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കലക്ടർ ഉറപ്പു നൽകിയെന്ന് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു.
പരിശോധനയില്‍ തൊഴിൽ വകുപ്പ് മാത്രം കണ്ടെത്തിയത് എട്ടു നിയമലംഘനങ്ങളാണ്. കമ്പനിയുടെ സി.എസ്.ആർ ഫണ്ട് ട്വന്‍റി ട്വന്‍റിയുടെ രാഷ്ട്രീയ പ്രവർത്തനത്തിനായി വിനിയോഗിച്ചെന്നും ഇതില്‍ അന്വേഷണം ആവശ്യമാണെന്നും എം.എല്‍.എമാര്‍ ഉന്നയിച്ചു. ട്വന്‍റി ട്വന്‍റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ പദ്ധതി വിഹിതം വിനയോഗിച്ചതിൽ ക്രമക്കേടുണ്ടെന്നും ആരോപണമുയര്‍ന്നു.
പരിസ്ഥിതി പ്രശ്നങ്ങള്‍, തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടി എം.എല്‍.എമാര്‍ നല്‍കിയ പരാതിയിലാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കിറ്റെക്സില്‍ പരിശോധന നടത്തിയത്. എന്നാല്‍ ഇതിന്‍റെ വിശദാംശങ്ങള്‍ ലഭിച്ചില്ലെന്ന് എം.എല്‍.എമാര്‍ വീണ്ടും പരതിപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ യോഗം വിളിച്ചത്. വിവിധ വകുപ്പുദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.