എം.എല്‍.എമാരും രാജ്യസഭ അംഗങ്ങളും രാജിവെക്കാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ഇടപെടാനാകില്ല: ഹൈക്കോടതി
|തെരഞ്ഞെടുപ്പ് കമീഷനാണ് വിഷയം പരിഗണിക്കേണ്ടതെന്ന് പറഞ്ഞ കോടതി പിഴയിട്ട് ഹരജി തള്ളുമെന്ന് മുന്നറിയിപ്പ് നല്കി.
കൊച്ചി: എം.എല്‍.എമാരും, രാജ്യസഭ അംഗങ്ങളും തല്‍സ്ഥാനം രാജിവെക്കാതെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമീഷനാണ് വിഷയം പരിഗണിക്കേണ്ടതെന്ന് പറഞ്ഞ കോടതി പിഴയിട്ട് ഹരജി തള്ളുമെന്ന് മുന്നറിയിപ്പ് നല്കി. കോടതി വിമര്‍ശനത്തിന് പിന്നാലെ പൊതുതാല്പര്യ ഹരജി പിന്‍വലിച്ചു. എം.എല്‍എമാരും, രാജ്യസഭ അംഗങ്ങളും തല്‍സ്ഥാനം രാജിവെക്കാതെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ ചോദ്യം ചെയ്ത് രാഷ്ട്രീയ നിരീക്ഷകനായ ജോണിയാണ് ഹരജി നല്‍കിയത്.
തെരഞ്ഞെടുപ്പ് കമ്മിഷന് ഇടപെടേണ്ട വിഷയത്തില്‍ ഹൈകോടതി ഇടപെടില്ല എന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് ഹരജിയെ രൂക്ഷമായി വിമര്‍ശിച്ചത്. ഈ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷനു മുന്പില് വെക്കുന്നതിന് പകരം ഹൈകോടതിയില്‍ എത്തിച്ചതിന് കോടതി രൂക്ഷ വിമര്‍ശന മുന്നയിച്ചു. 25000 രൂപ പിഴ ചുമത്തി ഹരജി തള്ളുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഹരജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ഹരജിക്കാരന് കോടതിയെ അറിയിക്കുകയും ഹരജി പിന്‍വലിക്കുകയും ചെയ്തു.
എംഎല്‍എമാരായ എം. മുകേഷ്, വി. ജോയ്, കെ.കെ ശൈലജ, ഷാഫി പറമ്പില്‍, കെ. രാധാകൃഷ്ണന്, എന്നിവരും രാജ്യസഭാംഗമായ കെ.സി വേണുഗോപാല്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ മത്സരിക്കുന്നത് നിലവിലുള്ള ആനുകൂല്യങ്ങള്‍ ഉപയോഗിച്ചാണെന്നും ഇത്തരം നിര്‍ദ്ദേശം മറികടന്ന് ഹൈകോടതി തീരുമാനമെടുക്കണം എന്നുമായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം.