'വിമർശിച്ചാൽ കേസെടുക്കുന്നു, പിണറായി മോദിയേക്കാൾ വലിയ ഫാസിസ്റ്റ്'- എം.എം ഹസൻ
|140 മണ്ഡലങ്ങളിലും നാളെ പ്രതിഷേധ സദസ്സ് നടത്തുമെന്നും ഹസന്‍ പറഞ്ഞു
കോഴിക്കോട്: അഴിമതി ആരോപണങ്ങളിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. സർക്കാരിനെയും എസ്എഫ്‌ഐയെയും വിമർശിക്കുന്ന മാധ്യമങ്ങൾക്കെതിരെയും കേസ് എടുക്കുന്നു. മാധ്യമങ്ങളുടെ വായടപ്പിക്കാൻ പാഴ്ശ്രമം നടത്തുകയാണ്. മോദിയേക്കാൾ വലിയ ഫാസിസ്റ്റയി പിണറായി മാറിയതിന്റെ തെളിവാണ് ഈ കേസുകളെന്നും ഹസൻ കുറ്റപ്പെടുത്തി.
കെപിസിസി പ്രസിഡന്റ് നെതിരെ രാഷ്ട്രീയ വിരോധം തീർക്കാൻ കള്ളക്കേസ് എടുക്കുകയാണ്. നാളെ 140മണ്ഡലങ്ങളിലും ഈ വിഷയം ഉന്നയിച്ച് പ്രതിഷേധ സദസ്സ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്‌ഐ കാണിക്കുന്ന കൊള്ളരുതായ്മകൾ എം വി ഗോവിന്ദൻ നടന്ന് ന്യായീകരിക്കുകയാണിപ്പോൾ. തിർക്കുന്ന പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും രാഷ്ട്രീയമായി വേട്ടയാടുന്നു. വിദേശ നാണ്യ വിനിമയ ചട്ടം വി ഡി സതീശൻ ലംഘിച്ചെങ്കിൽ അന്വേഷിക്കേണ്ടത് വിജിലൻസ് അല്ലെന്നും ഹസൻ പറഞ്ഞു.
കോൺഗ്രസിൽ തമ്മിലടിയില്ല, യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അവർ നടത്തും. ഞങ്ങൾ കാഴ്ചക്കാർ മാത്രമാണ്. യുവാക്കൾ തമ്മിലാണ് മത്സരം. കോൺഗ്രസ് നേതാക്കൾ ഇടപെടില്ല, മണിപ്പുർ ജനതക്ക് യുഡിഎഫ് ഐക്യദാർഢ്യം, ഇത്രയും ദിവസമായിട്ടും സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാറിനായില്ല. വിഷയത്തിൽ പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിയെ കാണാൻ ശ്രമിക്കുന്നു. പക്ഷെ അദ്ദേഹം കാണാനാവസരം നൽകിയില്ല. ജൂണ്‍ 24 യുഡിഎഫ് ഐക്യദാർഢ്യ ദിനമായി ആചരിക്കുമെന്നും ഹസന്‍ കൂട്ടിച്ചേർത്തു.