Kerala
Donation of Mm Lawrences body to medical study was lawful; There is no sufficient evidence to support the claim that he asked for cremation as per religious rites.: Kerala High Court
Kerala

'ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകിയത് നിയമാനുസൃതം; മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന ആവശ്യത്തിന് രേഖകളില്ല'

Web Desk
|
24 Oct 2024 2:27 PM GMT

മരണം ജീവിതനാടകത്തിന് തിരശ്ശീല വീഴ്ത്തുമ്പോൾ അത് ചിലപ്പോൾ ജീവിച്ചിരിക്കുന്നവർക്കിടയിൽ മറ്റൊരു നാടകം തുറക്കുന്നുവെന്ന് കോടതി

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകാൻ ഉത്തരവിട്ട കോടതി വിധിയുടെ വിശദാംശങ്ങൾ പുറത്ത്. മരിച്ചയാളുടെ മക്കൾ തമ്മിലുള്ള കലഹമാണ് ഹരജിയുടെ അടിസ്ഥാനം. മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകുന്നത് കേരള അനാട്ടമി ആക്ട് അനുസരിച്ചാണെന്നും ലോറൻസിന്റെ മകൻ എം.എൽ സജീവൻ നൽകിയ അനുമതി നിയമാനുസൃതമാണെന്നും കോടതി വ്യക്തമാക്കി.

മരണം ജീവിതനാടകത്തിന് തിരശ്ശീല വീഴ്ത്തുമ്പോൾ അത് ചിലപ്പോൾ ജീവിച്ചിരിക്കുന്നവർക്കിടയിൽ മറ്റൊരു നാടകം തുറക്കുന്നുവെന്നും കോടതിവിധിയിൽ പറയുന്നു. മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന് ലോറൻസ് അറിയിച്ചെന്ന വാദത്തിന് മതിയായ രേഖകളില്ല. എന്നാൽ, മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകണമെന്ന് പറഞ്ഞതിന് രണ്ടിലേറെ സാക്ഷികളുണ്ടെന്നും കോടതി പറയുന്നു.

ബന്ധുക്കൾക്കു മുൻപിൽ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകണമെന്ന് ലോറൻസ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഈ താൽപര്യം അദ്ദേഹം പിന്നീട് പിൻവലിച്ചിട്ടില്ല. മെഡിക്കൽ കോളജ് അധികൃതർ മൃതദേഹം ഏകപക്ഷീയമായി ഏറ്റെടുത്തതല്ല. കമ്മിറ്റിയെ നിയോഗിക്കാൻ പറഞ്ഞിരുന്നെങ്കിലും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അദ്ദേഹത്തെ സഹായിക്കാനാണ് കമ്മിറ്റിയെ വച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. അധികൃതർ ഭീഷണിപ്പെടുത്തിയെന്നും പക്ഷപാതപരമായി പെരുമാറിയെന്നുമുള്ള ആരോപണങ്ങൾ പൊലീസാണു പരിശോധിക്കേണ്ടതെന്നും കോടതി പറഞ്ഞു.

Summary: 'Donation of Mm Lawrence's body to medical study was lawful; There is no sufficient evidence to support the claim that he asked for cremation as per religious rites.': Kerala High Court

Similar Posts