Kerala
MM Mani against governor

MM Mani 

Kerala

ഗവർണറുടെ പിതൃസ്വത്തൊന്നുമല്ല ചോദിച്ചത്; ബില്ല് ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ കുടിലുകെട്ടി സമരം നടത്തും: എം.എം മണി

Web Desk
|
9 Jan 2024 11:32 AM GMT

കാർന്നോമാരുടെ സ്വത്തൊന്നും എഴുതിത്തരേണ്ട, നിയമസഭ പാസാക്കിയ ബിൽ ഒപ്പിട്ടുതന്നാൽ മതിയെന്നും എം.എം മണി പറഞ്ഞു.

തിരുവനന്തപുരം: ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ കുടിലുകെട്ടി സമരം നടത്തുമെന്ന് എം.എം മണി എം.എൽ.എ. ഗവർണറുടെ പിതൃസ്വത്തൊന്നുമല്ല ചോദിച്ചത്. ബിൽ ഒപ്പിട്ടുതന്നാൽ മതി. ഇടുക്കിയിലെ പതിനൊന്നേകാൽ ലക്ഷം ജനങ്ങളെ കൊണ്ടുവന്ന് രാജ്ഭവൻ വളയും. അത് ചെയ്യിക്കരുതെന്നും എം.എം മണി മുന്നറിയിപ്പ് നൽകി. ഇടത് കർഷക സംഘടനകൾ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവർണർ വെറുതെ വള്ളിക്കെട്ട് പിടിക്കരുത്. കാർന്നോമാരുടെ സ്വത്തൊന്നും എഴുതിത്തരേണ്ട. ബില്ല് ഒപ്പിട്ടാൽ മതി. ഒരു നടക്ക് പോകുന്ന പണിയല്ല ഗവർണർ കാണിക്കുന്നത്. ഈ കളി എവിടെവരെ പോകുമെന്ന് നോക്കാമെന്നും എം.എം മണി പറഞ്ഞു.

മാർച്ച് ഉദ്ഘാടനം ചെയ്ത സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഗവർണർക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പിട്ടില്ലെങ്കിൽ പുറത്തിറങ്ങാൻ കഴിയാത്ത പ്രതിഷേധം ഗവർണർ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എല്ലാവരും രാജ്ഭവനിലേക്ക് വന്നപ്പോൾ ഗവർണർ ഇടുക്കിയിലേക്ക് പോയി. പക്ഷേ, ശരിക്കുമുള്ള ഇടുക്കി ഗവർണർ കണ്ടിട്ടില്ല. തിരികെ വന്നാൽ ഉടൻ ബില്ലിൽ ഒപ്പിടുന്നതാണ് ഗവർണർക്ക് നല്ലതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Related Tags :
Similar Posts