'മരിച്ചപ്പോള്‍ പുണ്യാളനാണെന്നൊന്നും പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കില്ല, പിടി തോമസ് ദ്രോഹി': എം.എം മണി
|ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപന ചടങ്ങിലായിരുന്നു എം.എം മണിയുടെ പരാമർശം .
അന്തരിച്ച തൃക്കാക്കര എം.എൽ.എ പി.ടി തോമസിനെ ദ്രോഹിയെന്ന് വിളിച്ച് മുന്‍ വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി. സിപിഎമ്മിനെ ഏറ്റവും കൂടുതൽ ദ്രോഹിച്ച വ്യക്തിയാണ് പി.ടി തോമസെന്നും തനിക്കെതിരെ കള്ളക്കേസുണ്ടാക്കാൻ മുൻപന്തിയിൽ നിന്നയാളാണ് പി.ടിയെന്നും മണി വിമര്‍ശിച്ചു. ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപന ചടങ്ങിലായിരുന്നു എം.എം മണിയുടെ പരാമർശം .
'പി.ടി തോമസ് മരിച്ചു, മരിക്കുമ്പോള്‍ ആരും ഖേദം പ്രകടിപ്പിക്കും. അക്കാര്യത്തില്‍ തര്‍ക്കമില്ല... മരിക്കുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഒരു മര്യാദ മാത്രമാണ്. എറണാകുളത്തുവെച്ച് സൈമണ്‍ ബ്രിട്ടോ അടക്കമുള്ളവരെ ദ്രോഹിച്ചതിലെല്ലാം പിന്നില്‍ തോമസിന് പങ്കുണ്ട്. മരിച്ച് കിടന്നാലും ഞങ്ങള്‍ക്ക് പറയാനുള്ളത് പറയും, ആരോടും പറയും. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിടി തോമസുമെല്ലാം ചേര്‍ന്നാണ് എനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കിയത്. എന്നിട്ട് ഇപ്പോള്‍ മരിച്ചപ്പോള്‍ പുണ്യാളനാണെന്നൊന്നും പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കില്ല. പൊതുപ്രവര്‍ത്തകനാകുമ്പോള്‍ മരിച്ചാലും ജീവിച്ചിരിക്കുമ്പോള്‍ ചെയ്യുന്ന ദ്രോഹം അനിവാര്യമായി ചര്‍ച്ച ചെയ്യും' എം.എം മണി പറഞ്ഞു.
മാധവ് ഗാഡ്ഗിലും കസ്തൂരിരംഗനും കൊണ്ടുവന്ന് ഇടുക്കിയെ ദ്രോഹിച്ചയാളാണ് പിടിയെന്നും അങ്ങനെയുള്ളയാളെ ഇപ്പോൾ പുണ്യാളനാണെന്ന് പറഞ്ഞാൽ അംഗീകരിക്കാനാകില്ലെന്നും മണി കുറ്റപ്പെടുത്തി.