'ഒരു വനിതാ രത്നമുണ്ട് കളക്ടറാ..,ഞാനൊന്നും പറയുന്നില്ല'; ഐ.എ.എസ് ഉദ്യോഗസ്ഥരെ പരിഹസിച്ച് എം.എം മണി
|ഏലം കർഷക സമിതിയുടെ നേതൃത്വത്തിൽ ദേവികുളം ആർ.ഡി.ഒ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണയിൽ സംസാരിക്കുകയായിരുന്നു എം.എം.മണി
ഇടുക്കി: ഇടുക്കി ജില്ലാ കളക്ടറും സബ് കളക്ടറുമടക്കമുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ പരിഹരിച്ച് സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം.എം മണി. ഇടുക്കി ജില്ലാ കളക്ടർ വനിത രത്നമാണെന്ന് പറഞ്ഞ എം എം മണി സബ് കളക്ടർ ഉത്തരേന്ത്യാക്കാരനെന്ന് വീണ്ടും ആവർത്തിച്ചു. പരാതി നൽകിയതിന് ഐ.എ.എസ് അസോസിയേഷനെയും അദ്ദേഹം പരിഹസിച്ചു. ഇടുക്കി ദേവികുളം താലൂക്കിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നാരോപിച്ച് തോണ്ടിമലത്താവളം ഏലം കർഷക സമിതിയുടെ നേതൃത്വത്തിൽ ദേവികുളം ആർ.ഡി.ഒ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.എം.മണി.
ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിനിടെ നിയമ നടപടികൾ നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി വാക്കാൽ ആവശ്യപ്പെട്ടിട്ടും അത് വകവെക്കാത്തയാളാണ് ഇടുക്കിയിലെ മഹിളാ രത്നം എന്നായിരുന്നു ഇടുക്കി കളകടറെക്കുറിച്ചുള്ള പരാമർശം.
കാര്യങ്ങൾ പറഞ്ഞാൽ മനസിലാകാത്ത ഉത്തരേന്ത്യക്കാരനാണ് സബ് കളക്ടറെന്നും പ്രമാണിമാരുടെ മക്കൾ പാവപ്പെട്ട പെൺകുട്ടികളെ ബലാൽസംഗം ചെയ്ത് കൊല്ലുന്ന നാട്ടിൽനിന്നുള്ളയാളാണെന്ന പരാമർശമാണ് എം.എം.മണി വീണ്ടും ആവർത്തിച്ചത്. ഐ.എ.എസ് പുങ്കുവന്മാർ തനിക്ക് എതിരെ പരാതി നൽകിയപ്പോൽ താൻ കുറച്ച് കൂടി പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു