'അതുതന്നെയല്ലേ അയാളുടെ മുഖം'; എം.എം മണിക്കെതിരായ വംശീയാധിക്ഷേപത്തെ പിന്തുണച്ച് കെ. സുധാകരൻ
|മണിയുടെ യഥാർഥ മുഖമല്ലേ ഫ്ളക്സിൽ കാണിക്കാൻ പറ്റൂ, മാന്യത ഉള്ളത്കൊണ്ടാണ് മഹിളാ കോൺഗ്രസ് മാപ്പു പറഞ്ഞതെന്നും കെ. സുധാകരൻ
തിരുവനന്തപുരം: മുൻമന്ത്രി എം.എം മണിയെ അധിക്ഷേപിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. എം.എം മണിയുടേത് ചിമ്പാൻസിയുടെ മുഖം തന്നെയാണെന്നായിരുന്നു സുധാകരന്റെ അധിക്ഷേപ പരാമർശം. മണിയുടെ യഥാർഥ മുഖമല്ലേ ഫ്ളക്സിൽ കാണിക്കാൻ പറ്റൂ, മാന്യത ഉള്ളത്കൊണ്ടാണ് മഹിളാ കോൺഗ്രസ് മാപ്പു പറഞ്ഞതെന്നും കെ. സുധാകരൻ വ്യക്തമാക്കി.
ചിമ്പാൻസിയുടെ ചിത്രത്തിൽ എം.എം മണിയുടെ തലയൊട്ടിച്ചായിരുന്നു മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ അധിക്ഷേപം. സംഭവം വിവാദമായതിനു പിന്നാലെയാണ് കെ. സുധാകരന്റെയും അധിക്ഷേപ പരാമർശം. സ്ത്രീത്വത്തെ അപമാനിച്ച മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നിയമസഭയിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച് നടത്തിയത്.
അതേസമയം വിമാനത്തിനുള്ളിൽ അക്രമം നടത്തിയത് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനാണെന്നും കെ. സുധാകരൻ പറഞ്ഞു. ഇതിൽ നിയമനടപടികൾ തുടരുക തന്നെ ചെയ്യും. പിണറായി വിജയനോടും തോമസ് ഐസക്കിനോടും ഇ.ഡിക്ക് രണ്ട് നീതിയാണെന്നും അദ്ദേഹം ആരോപിച്ചു. മോദിയുള്ളത് കൊണ്ട് പിണറായി രക്ഷപെട്ട് നിൽക്കുകയാണെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.