നവകേരള ബസിന് നേരെ ഷൂ എറിഞ്ഞത് അന്യായമാണെന്ന് കോൺഗ്രസ് 10 വട്ടം പറയണം: എം.എൻ കാരശ്ശേരി
|നവകേരള സദസ്സിന് പറ്റിയ പേര് നവകേരള മർദക സദസ്സ് എന്നാണെന്നും കാരശ്ശേരി പരിഹസിച്ചു.
കോഴിക്കോട്: നവകേരള ബസിന് നേരെ കോൺഗ്രസ് പ്രവർത്തകർ ഷൂ എറിഞ്ഞത് അന്യായമാണെന്ന് എം.എൻ കാരശ്ശേരി. ഷൂ എറിഞ്ഞത് അന്യായമെന്ന് കോൺഗ്രസ് നേതാക്കൾ 10 വട്ടം പറയണം. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ബാക്കിയാണ് കോൺഗ്രസുകാർ. ആര് ഷൂ എറിഞ്ഞാലും കോൺഗ്രസുകാർ അത് ചെയ്യരുതെന്നും കാരശ്ശേരി പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി സതീശനെ വേദിയിലിരുത്തിയായിരുന്നു കാരശ്ശേരിയുടെ വിമർശനം.
കരിങ്കൊടി കാണിച്ചവരെ മർദിച്ചത് രക്ഷാപ്രവർത്തനമെന്നാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പറഞ്ഞത്. ഇത് പറയണമെങ്കിൽ ജനങ്ങളോട് എത്ര പുച്ഛം വേണമെന്നും കാരശ്ശേരി ചോദിച്ചു. ഇ.എം.എസിനും ഇ.കെ നായനാർക്കും വി.എസിനും ഇല്ലാത്ത മാധ്യമവിരോധമാണ് പിണറായിക്കുള്ളത്. നവകേരള മർദക സദസ്സാണ് ഇപ്പോൾ നടന്നത്. അതിൽ നടന്ന പ്രധാന പണി മർദനമാണെന്നും കാരശ്ശേരി പറഞ്ഞു.
2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന ഒരു മുന്നണി അധികാരത്തിൽ വരണം. രാജ്യത്ത് ജനാധിപത്യം അവസാനിക്കുന്നതിലേക്കാണ് കാര്യങ്ങൾ പോകുന്നത്. 1948-ൽ കൊലപ്പെടുത്തിയിട്ടും ഗാന്ധി മരിച്ചിട്ടില്ലെന്ന് തോന്നുന്നതുകൊണ്ടാണ് സംഘ്പരിവാർ നേതാക്കൾ അദ്ദേഹത്തിന്റെ ചിത്രത്തിലേക്ക് പോലും വീണ്ടും വെടിവെക്കുന്നതെന്നും കാരശ്ശേരി പറഞ്ഞു.