പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മുൻപും ആൾക്കൂട്ട വിചാരണ നടന്നതായി കണ്ടെത്തൽ
|2019 ബാച്ചിലെയും 2021 ബാച്ചിലെയും വിദ്യാർഥികളെയാണ് വിചാരണ ചെയ്ത് മര്‍ദിച്ചത്
വയനാട്: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മുൻപും ആൾക്കൂട്ട വിചാരണ നടന്നതായി കണ്ടെത്തൽ. 2019ലും 2023ലുമാണ് ആൾക്കൂട്ട വിചാരണ നടന്നത്. 2019 ബാച്ചിലെയും 2021 ബാച്ചിലെയും വിദ്യാർഥികളെയാണ് വിചാരണ ചെയ്ത് മര്‍ദിച്ചത്.
പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചായിരുന്നു മർദനം. ആന്‍റി റാഗിങ് കമ്മറ്റിയുടേതാണ് കണ്ടെത്തൽ . സിദ്ധാര്‍ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ മൊഴി എടുത്തപ്പോഴാണ് സംഭവം പുറത്തു വന്നത്.
അതേസമയം സിദ്ധാർഥനെതിരെ നടന്നത് പരസ്യവിചാരണയാണെന്ന ആന്‍റി റാഗിങ് സ്‌ക്വാഡ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 18 പേർ പലയിടങ്ങളിൽ വെച്ച് സിദ്ധാർത്ഥനെ മർദിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.സിദ്ധാർഥന്റെ സുഹൃത്തും എസ്.എഫ്.ഐ ഭാരവാഹിയുമായ അക്ഷയിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി.സിദ്ധാർഥന്റെ മരണത്തിൽ അക്ഷയ്ക്ക് പങ്കെുണ്ടെന്നും പ്രതിചേർക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. കൊലപാതക സാധ്യതയെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു.
സർവകലാശാലയിലെ രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർഥിയും ഇടുക്കി സ്വദേശിയുമായ അക്ഷയ്, കേസിൽ പ്രതിയാണെന്നാരോപിച്ച് കുടുംബം രംഗത്തു വന്നതിനു പിന്നാലെയാണ് പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. സിദ്ധാർഥനെ മർദ്ദിക്കുന്നത് നേരിൽ കണ്ടുവെന്നാണ് അക്ഷയ് മൊഴി നൽകിയതെന്നാണ് വിവരം. സിദ്ധാർഥന്‍ മരിച്ചതിന് ശേഷം കോളജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ 31 പേരിൽ അക്ഷയ് ഉൾപ്പെട്ടിരുന്നെങ്കിലും പൊലീസ് കണ്ടെത്തിയ 18 പ്രതികളിൽ ഇയാൾ ഉണ്ടായിരുന്നില്ല. സർവകലാശാലയിലെ 97 പേരുടെ മൊഴിയെടുത്താണ് ആന്റി റാഗിംഗ് സ്ക്വാഡ് റിപ്പോർട്ട് തയ്യാറാക്കിയത്.