Kerala
കോട്ടയത്ത് റീപെയറിങ്ങിനിടെ മൊബൈൽഫോൺ ബാറ്ററി പൊട്ടിത്തെറിച്ചു; ഭയന്നോടി ഉപയോക്താക്കൾ
Kerala

കോട്ടയത്ത് റീപെയറിങ്ങിനിടെ മൊബൈൽഫോൺ ബാറ്ററി പൊട്ടിത്തെറിച്ചു; ഭയന്നോടി ഉപയോക്താക്കൾ

Web Desk
|
8 March 2022 10:28 AM GMT

കോട്ടയം നഗരമധ്യത്തിലുള്ള കോഴിച്ചന്ത റോഡിലെ എസ്.കെ മൊബൈൽസിൽ ഒരുസംഘം ഇതരസംസ്ഥാന തൊഴിലാളികൾ കൊണ്ടുവന്ന മൊബൈൽ ഫോണിലെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്

കോട്ടയത്ത് മൊബൈൽ ഷോപ്പിൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ചു. കടയിൽ നന്നാക്കാനായി എത്തിച്ച ഫോൺ ബാറ്ററിയാണ് വലിയ ശബ്ദത്തോടെ പൊട്ടിച്ചെറിച്ച് തീയും പുകയും പടർന്നത്. കടയിൽ ആളുകൾ കൂടിനിൽക്കെയായിരുന്നു സംഭവം.

കോട്ടയം നഗരമധ്യത്തിലുള്ള കോഴിച്ചന്ത റോഡിലെ എസ്.കെ മൊബൈൽസ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ഓടെയാണ് ഒരുസംഘം ഇതരസംസ്ഥാന തൊഴിലാളികൾ മൊബൈൽ നന്നാക്കാനായി കടയിലെത്തിയത്. ഫോണിൽ ചാർജ് നീണ്ടുനിൽക്കാത്തത് പരിശോധിക്കാനായി വന്നതായിരുന്നു ഇവർ.

മൊബൈൽ പരിശോധിച്ചപ്പോൾ ബാറ്ററി വീർത്തനിലയിലായിരുന്നു. തുടർന്ന് സ്ഥാപനത്തിലെ ടെക്‌നീഷ്യൻ മൊബൈലിൽനിന്ന് ഊരിപുറത്തുവച്ച ബാറ്ററി കടയിലെത്തിയവരിൽ ഒരാൾ അമർത്തി. ഉടൻ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീ ആളിക്കത്തുകയുമായിരുന്നു. പിന്നാലെ കടയിലുണ്ടായിരുന്നവരെല്ലാം പുറത്തേക്ക് ഒാടിരക്ഷപ്പെട്ടു. ജീവനക്കാരും ഉപഭോക്താക്കളും അത്ഭുതകരമായാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. പൊട്ടിത്തെറിക്കു കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

Summary: Mobile phone battery explodes in Kottayam

Similar Posts