Kerala
sadiqali shihab thangal,Modi govt ,muslim league,loksabha election 2024,ദേശീയ പാത,മീഡിയവണ്‍,സാദിക്കലി തങ്ങള്‍,മുസ്‍ലിം ലീഗ്,ലോക്സഭാ തെരഞ്ഞെടുപ്പ്
Kerala

'ന്യൂനപക്ഷത്തെ പ്രകോപിപ്പിക്കാൻ ഒരു മന്ത്രിയെ തന്നെ മോദി സർക്കാർ ചുമതലപ്പെടുത്തി'; സാദിഖലി ശിഹാബ് തങ്ങൾ

Web Desk
|
21 March 2024 12:49 PM GMT

''കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ സമീപനം ഈ തെരഞ്ഞെടുപ്പിലും കോൺഗ്രസ് തുടരണം''

കോഴിക്കോട്: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ സമീപനം ഈ തെരഞ്ഞെടുപ്പിലും കോൺഗ്രസ് തുടരണമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കർണാടകയിൽ മൃദുഹിന്ദുത്വ സമീപനം ഉണ്ടായിരുന്നില്ല. മോദി സർക്കാരിൽ ന്യൂനപക്ഷത്തെ പ്രകോപിപ്പിക്കാൻ ഒരു മന്ത്രിയെ തന്നെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. മീഡിയവൺ 'ദേശീയപാത'യിൽ സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങൾ.

'മോദി ആർ.എസ്.എസിന്റെയും സംഘ് പരിവാറിന്റെയും പ്രതീകമാണ്. വിദ്വേഷത്തിന്റെയും അകൽച്ചയുടെയും രാഷ്ട്രീയം, ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കുക തുടങ്ങിയവയെല്ലാം മോദി അധികാരത്തിലെത്തിയത് മുതൽ തുടങ്ങിയതാണ്. ന്യൂനപക്ഷ, ഭൂരിപക്ഷ വേർതിരിവ് ജനങ്ങൾക്കിടയിൽ പ്രകടമായത് ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ്. മുമ്പും ഇന്ത്യയിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നിട്ടുണ്ട്. പക്ഷേ ആ സർക്കാറുകളൊന്നും ഈ വിഭജനം ഇത്ര ധൈര്യപൂർവം നടപ്പാക്കാൻ തയ്യാറായിരുന്നില്ല. ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കുക എന്നത് മോദി സർക്കാർ നയമായി സ്വീകരിച്ചു, അതിന് ഒരു മന്ത്രിയെ തന്നെ നിയമിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജോലി തന്നെ അതാണ്. ഏതെങ്കിലും തെരഞ്ഞെടുപ്പ് വരുന്ന സമയത്ത് അവർ മുന്നോട്ട് വെക്കുന്നത് വർഗീയ അജണ്ടയാണ്. ഏറ്റവും ഒടുവിൽ വന്നത് രാമക്ഷേത്ര നിർമാണമാണ്. എന്നാൽ അത് വേണ്ടത്ര ഏശിയില്ല. ഈ സാഹചര്യത്തിലാണ് നേരത്തെ ഫ്രീസറിൽ വെച്ചിരുന്ന സി.എ.എ എടുത്തത് പ്രയോഗിച്ചത്'.. അദ്ദേഹം പറഞ്ഞു.

'ബി.ജെ.പിയുടെ അകൽച്ചയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ ചെറുത്ത് തോൽപിക്കാൻ കഴിയുന്ന ഒരു ദേശീയ പാർട്ടി കോൺഗ്രസ് മാത്രമാണ്. മതേതരമൂല്യങ്ങൾ ഉയർത്തിക്കാട്ടിയ പാർട്ടിയാണ് കോൺഗ്രസ്. വിദ്വേഷ രാഷ്ട്രീയത്തിനെതിരെ രാഹുൽഗാന്ധിയുടെ യാത്രകളെല്ലാം. അത് ന്യൂനപക്ഷങ്ങൾക്ക് ആശ്വാസം പകരുന്ന കാര്യമാണ്. കർണാടകയിൽ ഫാസിസത്തിനെതിരെ കോൺഗ്രസ് ശക്തമായി നിലകൊണ്ടിട്ടുണ്ട്'..സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കേരള രാഷ്ട്രീയത്തിലെ സമസ്തയുടെ നിലപാടുകളെക്കുറിച്ചും സാദിഖലി തങ്ങൾ പ്രതികരിച്ചു. 'സമസ്ത രാഷ്ട്രീയ പ്രസ്ഥാനമല്ല.അവർക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യണമെന്നോ ചെയ്യേണ്ടെന്നോ സമസ്ത പറയില്ല. അവരുടെ നിലപാട് വ്യക്തമാണ്. അല്ലാത്ത പ്രചാരണമെല്ലാം അസ്ഥാനത്താണ്.' സാദിഖലി തങ്ങൾ പറഞ്ഞു.


Similar Posts