'മോദി തൃശൂരിൽ യു.ഡി.എഫിനെതിരെ മത്സരിക്കണം'; വെല്ലുവിളിച്ച് ടി.എൻ പ്രതാപൻ
|'' പ്രധാനമന്ത്രിയും യുഡിഎഫും തമ്മിലാണ് തൃശൂരിലെ മത്സരം''
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തൃശൂരിൽ മത്സരിക്കാൻ വെല്ലുവിളിച്ച് എം.പി ടി.എൻ പ്രതാപൻ. 'നരേന്ദ്ര മോദിയെ നേരിടാൻ തൃശൂരിലെ യു.ഡി.എഫ് സജ്ജമാണ്. പ്രധാനമന്ത്രിയും യുഡിഎഫും തമ്മിലാണ് തൃശൂരിലെ മത്സരം. മണിപ്പൂരിലെ വിശ്വാസികളുടെ വേദന മനസ്സിലാക്കി കൊടുക്കാൻ പറ്റിയ സ്ഥലം തൃശൂരാണ്. മണിപ്പൂരിലെ വിശ്വാസികളുടെ വേദനക്ക് ആദ്യ മറുപടി തൃശൂരിലായിരിക്കും..' ടി.എൻ.പ്രതാപൻ പറഞ്ഞു,
അതേസമയം, രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് ഏഴു മണിക്ക് കൊച്ചിയിൽ ബി.ജെ.പി സംഘടിപ്പിക്കുന്ന റോഡ് ഷോയിലും നാളെ നടക്കുന്ന സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് മോദി കേരളത്തിലെത്തുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നിൽ കണ്ടുള്ള റോഡ് ഷോയിൽ അൻപതിനായിരത്തോളം ബി. ജെ.പി പ്രവർത്തകർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷ വലയത്തിലാണ് കൊച്ചി നഗരം. റോഡ് ഷോയ്ക്ക് ശേഷം ഇന്ന് കൊച്ചിയിൽ തങ്ങുന്ന പ്രധാനമന്ത്രി നാളെ രാവിലെ ഗുരുവായൂരില്‍ സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം തൃപ്രയാർ ക്ഷേത്രത്തില്‍ ദർശനം നടത്തും.
പിന്നീട് കൊച്ചിയിലെത്തുന്ന മോദി കൊച്ചിൻ ഷിപ്പ് യാഡിന്റെ രാജ്യാന്തര കപ്പല്‍ റിപ്പയറിംഗ് കേന്ദ്രം,പുതിയ ഡ്രൈ ഡോക്ക് എന്നിവ രാജ്യത്തിന് സമർപ്പിക്കും. മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബി.ജെ.പി യോഗത്തില്‍ കൂടി പങ്കെടുത്ത ശേഷമായിരിക്കും മോദി ഡല്‍ഹിയിലേക്ക് മടങ്ങുക.