Kerala
Students rally and public meeting in Kozhikode city declaring solidarity with Palestine under the leadership of SIO
Kerala

മോദി-നെതന്യാഹു കൂട്ടുകെട്ട് വംശീയവാദികളുടെ കൂട്ട്: എസ്.ഐ.ഒ

Web Desk
|
23 Oct 2023 5:01 PM GMT

ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോഴിക്കോട് നഗരത്തിൽ വിദ്യാർത്ഥികളുടെ മഹാറാലിയും പൊതുസമ്മേളനവും

കോഴിക്കോട്: ഫലസ്തീനികളുടെ ഭൂമി കയ്യേറി കുഞ്ഞുങ്ങളെയടക്കം കൊന്നുകൊണ്ടിരിക്കുന്ന അധിനിവേശ ഇസ്രായേലിനൊപ്പം ചേർന്ന് നിൽക്കുന്ന മോദി നിലപാട് വംശീയവാദികളുടെ കൂട്ടുകെട്ടാണെന്നും കാലങ്ങളായി ഫലസ്തീനിന്റെ ഒപ്പം നിന്നിരുന്ന രാജ്യത്തിന്റെ പൈതൃകത്തെ വഞ്ചിക്കുന്നതുമാണെന്നും എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് മുഹമ്മദ് റമീസ് ഇ.കെ. ഇസ്രായേൽ സയണിസ്റ്റ് ഭീകരതക്കെതിരെ പോരാടുന്ന ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോഴിക്കോട് നഗരത്തിൽ എസ്.ഐ.ഒ സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ മഹാറാലിയും പൊതുസമ്മേളനത്തിലും സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ആയിരങ്ങൾ അണിനിരന്ന റാലി കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നിന്നാരംഭിക്കുകയും ബീച്ചിൽ അവസാനിക്കുകയും ചെയ്തു. ഫലസ്തീൻ ഐക്യദാർഢ്യ ഇൻസ്റ്റലേഷനുകളും പ്ലക്കാർഡുകളും മുദ്രാവാക്യവും റാലിയെ വേറിട്ടതാക്കി. മഹാറാലിക്ക് ശേഷം കോഴിക്കോട് ബീച്ചിൽ നടന്ന പൊതുസമ്മേളനത്തിൽ രാഷ്ട്രീയ-സാംസ്‌കാരിക-മത നേതാക്കൾ പങ്കെടുത്തു. ഫലസ്തീൻ ആക്റ്റിവിസ്റ്റ് മഹമൂദ് അഹ്മദ് മുഖ്യാതിഥിയായി സംസാരിച്ചു. എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് റമീസ് ഇ.കെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ദേശീയ സെക്രട്ടറി ജനറൽ ടി. ആരിഫലി മുഖ്യപ്രഭാഷണം നടത്തിയ സമ്മേളനത്തിൽ യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂർ, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.ടി.പി സാജിദ എന്നിവർ സംസാരിച്ചു.

ഗസ്സയിൽ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ട സാഹചര്യത്തിൽ മുഖ്യാതിഥി മഹമൂദ് അഹ്മദ് ശബ്ദസന്ദേശത്തിലൂടെയാണ് സംസാരിച്ചത്. സമ്മേളന നഗരിയിൽ മുബശ്ശിർ അസ്ഹരിയുടെ നേതൃത്വത്തിൽ നമസ്‌കാരവും പ്രാർത്ഥനാസദസ്സും നടന്നു. പൊതുസമ്മേളനത്തോടനുബന്ധിച്ച് 'ആർട്ട് ഓഫ് റെസിസ്റ്റൻസ്' എന്ന പേരിൽ ഫലസ്തീൻ ജനതയോട് ഐക്യപ്പെട്ടുകൊണ്ടുള്ള വ്യത്യസ്ത കലാവിഷ്‌കാരങ്ങൾ വേദിയിലെത്തി. അൽജാമിഅഃ ഇസ്‌ലാമിയ വിദ്യാർത്ഥികളുടെ സോങ് ഓഫ് റെസിസ്റ്റൻസ്, അസ്ഹറുൽ ഉലൂം വിദ്യാർത്ഥികളുടെ സംഗീതശിൽപം, മുസ്‌ലിയുടെ റാപ്പ് തുടങ്ങിയ കലാപരിപാടികൾ നടന്നു.

Students' rally and public meeting in Kozhikode city declaring solidarity with Palestine under the leadership of SIO

Similar Posts