പ്രധാനമന്ത്രി നാളെ കേരളത്തില്‍; കൊച്ചിയില്‍ ക്രൈസ്തവ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും
|നാളെ വൈകിട്ട് ഏഴ് മണിക്കാകും കൂടിക്കാഴ്ച
കൊച്ചി: പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിനിടെ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് ഏഴ് മണിക്കാകും കൂടിക്കാഴ്ച . അതേസമയം പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോയുടെ ദൂരം വർധിപ്പിച്ചു.നേരത്തെ 1.2 കിലോമീറ്ററാണ് നിശ്ചയിച്ചിരുന്നത്.വെണ്ടുരുത്തി പാലം മുതൽ തേവരകോളജ് വരെയാകും റോഡ് ഷോ. കൂടുതൽ ആളുകൾ എത്തുന്നത് കണക്കിലെടുത്താണ് 1.8 കിലോമീറ്ററാക്കിയത്.
നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നത്. കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം ബി.ജെ.പിയുടെ യുവം പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.വന്ദേഭാരത്, ജലമെട്രോ പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് കൊച്ചിയിലും തിരുവനന്തപുരത്തും പൊലീസ് ഒരുക്കിയിട്ടുള്ളത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി സിറ്റി പൊലീസ് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട് . സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലും റൂറലിലും നാളെയും മറ്റന്നാളും കർശന ഗതാഗത നിയന്ത്രണവും ഉണ്ടാകും. ഇന്നലെ കമ്മീഷണർ കെ. സേതുരാമന്റെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്നിരുന്നു. സുരക്ഷാക്രമീകരണങ്ങൾ വിശദീകരിക്കാനായി കമ്മീഷണർ ഇന്ന് മാധ്യമങ്ങളെ കാണും.