മോഫിയയുടെ മരണം: കുറ്റപത്രത്തിൽ മുൻ സി ഐ സുധീറിന്റെ പേരും
|സുധീറിന്റെ പെരുമാറ്റം മോഫിയക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നാണ് കുറ്റപത്രത്തിലുള്ളത്
ആലുവയിൽ ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നും സിഐയുടെ പെരുമാറ്റത്തെ തുടർന്നും ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥി മോഫിയയുടെ മരണത്തിൽ തയാറാക്കിയ കുറ്റപത്രത്തിൽ മുൻ സിഐ സുധീറിന്റെ പേരും. സുധീറിന്റെ പെരുമാറ്റം മോഫിയക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നാണ് കുറ്റപത്രത്തിലുള്ളത്. സ്റ്റേഷനിൽ നിന്ന് വീട്ടിൽ എത്തിയ ഉടനെയാണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും കുറ്റപത്രത്തിൽ പറയുന്നു. സിഐ സുധീറിന്റെ പെരുമാറ്റത്തെ തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് മോഫിയ ആത്മഹത്യ ചെയ്തതെന്ന ഗുരുതരമായ പരാമർശമാണ് കുറ്റപത്രത്തിൽ ഉള്ളത്. മോഫിയയും ഭർത്താവ് സുഹൈലും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇത് പരിഹരിക്കാൻ ഇരുകൂട്ടരെയും ആലുവ ഈസ്റ്റ് പൊലിസ് സ്റ്റേഷനിലേക്ക് ഈമാസം 22ന് വിളിച്ചു വരുത്തി. സംസാരത്തിനിടെ ദേഷ്യം വന്ന് മോഫിയ ഭർത്താവിന്റെ മുഖത്തടിച്ചു. ഇത് കണ്ട് എച്ച്എച്ച്ഒ ആയ സിഐ സുധീർ മോഫിയയോട് കയർത്ത് സംസാരിച്ചു. ഇനി ഒരിക്കലും എസ്എച്ച്ഒയിൽ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമത്തിലാണ് മോഫിയ തൂങ്ങിമരിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
എന്നാൽ സിഐ സുധീറിനെ കേസിൽ പ്രതിയാക്കണമെന്നും അദ്ദേഹത്തിന്റെ മറ്റു ചെയ്തികളടക്കം അന്വേഷിക്കണമെന്നും അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. ആത്മഹത്യാ കുറിപ്പിൽ പരാമർശിക്കപ്പെട്ട എല്ലാവരും ശിക്ഷിക്കപ്പെടണമെന്ന് മോഫിയയുടെ മാതാവ് ഫാരിസ പറഞ്ഞു. അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇന്ന് ഉച്ചയ്ക്ക് ശേഷം മോഫിയയുടെ വീട് സന്ദർശിക്കുന്നുണ്ട്.
ആലുവയിൽ മൊഫിയ ആത്മഹത്യ ചെയ്ത കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. പ്രതികളെ കസ്റ്റഡിൽ വിട്ടുകിട്ടിയാൽ മാത്രമേ കൂടുതൽ ചോദ്യം ചെയ്യൽ ഉണ്ടാകൂ. പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ചൊവ്വാഴ്ച വിധി പറയും. മോഫിയയുടെ മാതാപിതാക്കളുടെ മൊഴി കേസന്വേഷണത്തിന്റെ ആദ്യ ദിവസം തന്നെ രേഖപ്പെടുത്തിയിരുന്നു. മോഫിയയുടെ മൊബൈൽ ഫോണും പ്രതി സുഹൈലിന്റെ മൊബൈൽ ഫോണും പരിശോധിച്ച് തെളിവ് ശേഖരിച്ച് വരികയാണ്. ആലുവ ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
റിമാൻഡിൽ കഴിയുന്ന സുഹൈലിനെയും മാതാപിതാക്കളെയും കസ്റ്റഡിൽ വാങ്ങിയ ശേഷമായിരിക്കും കൂടുതൽ ചോദ്യം ചെയ്യൽ ഉണ്ടാവുക. പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ചൊവ്വാഴ്ച വിധി പറയും. തങ്ങൾ നിരപരാധികളാണെന്നും മോഫിയയെ മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചിട്ടില്ലെന്നുമാണ് പ്രതികൾ കോടതിയെ അറിയിച്ചത്. എന്നാൽ ഭർതൃഗൃഹത്തിൽ മോഫിയ പീഡനത്തിനിരയായി എന്നതിന് തെളിവാണ് ഭർത്താവ് ത്വലാഖ് ചൊല്ലുന്നതായി അറിയിച്ച് അയച്ച കത്തെന്ന വാദമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്.