'ആദ്യം വേണ്ടത് മികച്ച യാത്രാസൗകര്യം, കാരവന്‍ ടൂറിസം നല്ല ആശയം'.. ടൂറിസം സ്വപ്നങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാലും മുഹമ്മദ് റിയാസും
|ടൂറിസ്റ്റ് പൊലീസിങ് ആരംഭിക്കുമെന്ന് മന്ത്രി
കേരളത്തിലെ ജല, റോഡ് ഗതാഗതം മികച്ചതാക്കണമെന്ന് നടന്‍ മോഹൻലാൽ. ലോക ടൂറിസം ദിനത്തിൽ മന്ത്രി മുഹമ്മദ് റിയാസിന് മുന്നിലാണ് മോഹൻലാൽ നിർദേശം വെച്ചത്.
ഒരുപാട് രാജ്യങ്ങളില്‍ യാത്ര ചെയ്തയാള്‍ എന്ന നിലയിലാണ് മന്ത്രി മോഹന്‍ലാലിന്‍റെ നിര്‍ദേശങ്ങള്‍ തേടിയത്. ടൂറിസം വികസത്തിന് ആദ്യം വേണ്ടത് യാത്രാസൗകര്യമാണെന്ന് മോഹൻലാൽ പറഞ്ഞു. ദീർഘദൂര യാത്രകൾ നടത്തുന്നവർ ഡ്രൈവിങില്‍ ഇടവേളയെടുക്കണം. അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇതുനല്ലതാണ്. അതുകൊണ്ടുതന്നെ പാതയിലുടനീളം ശുചിമുറികളും ലഘുഭക്ഷണ ശാലകളുമുണ്ടാകുന്നത് അത്യാവശ്യമാണെന്ന് മോഹൻലാൽ പറഞ്ഞു.
ജലഗതാഗത സാധ്യത ഉപയോഗപ്പെടുത്താവുന്ന സംസ്ഥാനമാണ് കേരളം. തിരുവനന്തപുരത്ത് നിന്ന് തുടങ്ങി ജലമാർഗം പല ജില്ലകൾ പിന്നിടുന്ന പദ്ധതി നല്ലതാണ്. ഫുഡ് ടൂറിസം, മെഡിക്കൽ ടൂറിസം തുടങ്ങിയ നിര്‍ദേശങ്ങളും മോഹന്‍ലാല്‍ പങ്കുവെച്ചു. കേരളത്തിലെ ഓരോ സ്ഥലത്തും പലതരം ഭക്ഷണ സംസ്‌കാരമാണ്. ഫുഡ് ടൂറിസം കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
കേരളത്തിന്‍റെ വിനോദ സഞ്ചാര വികസനത്തിന് വിപുലമായ പദ്ധതികൾ തയ്യാറാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് മോഹന്‍ലാലിനോട് പറഞ്ഞു. പ്രാദേശിക ടൂറിസം വികസനത്തിന് ത്രിതല പഞ്ചായത്തുകളെ പങ്കാളിയാക്കും. പദ്ധതി വിഹിതത്തിന്റെ 40 ശതമാനം പഞ്ചായത്തുകൾ ചെലവഴിക്കണം. കാരവൻ ടൂറിസം എങ്ങനെയായിരിക്കുമെന്നും മന്ത്രി വിശദീകരിച്ചു. ആദ്യ ഘട്ടത്തിൽ 100 കാരവനുകൾ ഒരുക്കിയാണ് പദ്ധതി നടപ്പാക്കുക. പ്രകൃതിസൌന്ദര്യമുള്ള ഇടങ്ങളിലാണ് പദ്ധതി നടപ്പാക്കുക. കാരവന്‍ ടൂറിസം മികച്ച ആശയമാണെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. അഡ്വഞ്ചര്‍ ടൂറിസത്തിന്‍റെ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളെ സഹായിക്കാന്‍ ടൂറിസ്റ്റ് പൊലീസിങ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കോളജ് വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് ടൂറിസ്റ്റ് പൊലീസിങ് ഏര്‍പ്പെടുത്തുക. സഞ്ചാരികള്‍ക്ക് വഴികാട്ടാനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും എല്ലാ പഞ്ചായത്തുകളിലുമായി ഇവരെ ചുമതലപ്പെടുത്തും. കോളജുകളിൽ ടൂറിസം ക്ലബുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഫുഡ് ടൂറിസം വിപുലീകരിക്കാന്‍ രാത്രികാല ഫുഡ് സ്ട്രീറ്റുകള്‍ തുടങ്ങും. ഉദാഹരണത്തിന് ബംഗളൂരു മാതൃകയില്‍ കോഴിക്കോട് വലിയങ്ങാടിയെ രാത്രികാല ഫുഡ് സ്ട്രീറ്റാക്കുമെന്ന് മന്ത്രി അറിയിച്ചു.