'സർട്ടിഫിക്കറ്റിന് വേണ്ടി കാക്കുന്നു, ഏമാൻ കനിയുമല്ലോ': കെ.സുരേന്ദ്രനെ പരിഹസിച്ച് മുഹമ്മദ് റിയാസ്
|സുരേന്ദ്രൻ മുൻ നിലപാട് തിരുത്തി മലക്കം മറിഞ്ഞത് ഇഷ്ടപ്പെട്ടുവെന്നും മന്ത്രി
കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രൻ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ദേശീയപാത വികസനത്തിൽ കേരള സർക്കാർ പണം മുടക്കിയിട്ടുണ്ടെന്ന് കെ.സുരേന്ദ്രൻ അംഗീകരിച്ചുവെന്നും അദ്ദേഹം മുൻ നിലപാട് തിരുത്തി മലക്കം മറിഞ്ഞത് ഇഷ്ടപ്പെട്ടുവെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം:
അങ്ങനെ, സംസ്ഥാനത്തെ ദേശീയപാത വികസനത്തിൽ കേരള സർക്കാർ പണം മുടക്കിയിട്ടുണ്ട് എന്ന് ബഹുമാന്യനായ ബിജെപി സംസ്ഥാന പ്രസിഡന്റ് അംഗീകരിച്ചിരിക്കുകയാണ്.
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഒരു റോളുമില്ലെന്ന് പറഞ്ഞുകൊണ്ടിരുന്ന അദ്ദേഹം മുൻ നിലപാട് തിരുത്തി മലക്കം മറിഞ്ഞത് ഏതായാലും ഇഷ്ടപ്പെട്ടു.
ദേശീയപാത അതോറിറ്റിക്കൊപ്പം 'ചട്ടിത്തൊപ്പി'യും ധരിച്ചുകൊണ്ട് കേരള സർക്കാർ സംസ്ഥാനത്തെ ദേശീയപാതാ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട് എന്ന 'സർട്ടിഫിക്കറ്റ്' കൂടി അദ്ദേഹം നൽകുന്നതിന് വേണ്ടി കാത്തുനിൽക്കുന്നു.
ഏമാൻ കനിയുമല്ലോ?
നേരത്തേ, സംസ്ഥാനത്തെ ദേശീയപാത വികസനത്തിൽ കേരളം ഒരു പങ്കും വഹിച്ചിട്ടില്ലെന്നായിരുന്നു കെ.സുരേന്ദ്രന്റെ വാദം. എന്നാൽ ഇത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രംഗത്ത് വന്നു. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം കേരളം വഹിക്കുമെന്നും ഇതിനോടകം തന്നെ പദ്ധതിയിൽ 5519 കോടി രൂപ കേരളം ചെലവാക്കിയിട്ടുണ്ടെന്നുമായിരുന്നു ഗഡ്കരിയുടെ രേഖാമൂലമുള്ള മറുപടി.
ഇതിന്, കേരളം ഒറ്റപ്പൈസ കൊടുത്തിട്ടില്ലെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് കെ.സുരേന്ദ്രൻ ഇന്ന് മറുപടി പറഞ്ഞത്. തന്റെ പ്രസ്താവനകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും സംസ്ഥാന സർക്കാരിനെ ഉപദേശിക്കണമെന്ന് കേരളത്തിലെ എം.പിമാരോട് നിതിൻ ഗഡ്കരി അഭ്യർഥിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തിരുന്നു.
കേന്ദ്ര സർക്കാർ നിർമിക്കുന്ന റോഡിന്റെ പടം ഫ്ളക്സടിച്ച് സ്വന്തം പടം വയ്ക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് റിയാസെന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം.